കൊച്ചി- നടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ ലണ്ടനിലുള്ള മൂന്നു പേരുടെ പക്കലുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ലണ്ടനിൽ നിന്ന് ഫോണിൽ വിളിച്ച ഒരാളാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ലണ്ടനിലെ മൂന്നു പേരുടെ പക്കലുണ്ടെന്ന വിവരം തന്നോട് പറഞ്ഞതെന്ന് ബാലചന്ദ്രകുമാർ ചാനൽ ചർച്ചയിൽ പറഞ്ഞു.
ദിലീപുമായി ബന്ധമുള്ള ഫോർട്ട്‌കൊച്ചി സ്വദേശിയായ ആളാണ് ദൃശ്യങ്ങൾ ലണ്ടനിലെത്തിച്ചതെന്ന് തന്നെ ഫോണിൽ വിളിച്ചയാൾ പറഞ്ഞു. അയാളുടെ ഫോണിലുള്ള ദൃശ്യങ്ങളിൽ ഒരെണ്ണം തന്റെ പക്കലുണ്ടെന്നും ഇത് കാണിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞതായി ഫോണിൽ വിളിച്ചയാൾ പറഞ്ഞു. ഇത് വീഡിയോ കാളിലൂടെ കാണിക്കാൻ തയ്യായെങ്കിലും താൻ അത് വേണ്ടെന്ന് പറഞ്ഞതായി ബാലചന്ദ്രകുമാർ പറയുന്നു. ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാൻ താൻ നിർദേശിച്ചതായും ബാലചന്ദ്രകുമാർ പറയുന്നു.
ലണ്ടനിൽ നിന്നുള്ള ഫോൺവിളി ചാനൽ അവതാരകനായ എം.വി നികേഷ്‌കുമാറും സ്ഥിരീകരിച്ചു. ലണ്ടനിലുള്ളയാൾ തന്നെയാണ് ആദ്യം വിളിച്ചതെന്നും താനാണ് ബാലചന്ദ്രകുമാറിനെ വിളിക്കാൻ നിർദേശിച്ചതെന്നും നികേഷ്‌കുമാർ പ്രതികരിച്ചു.