Sorry, you need to enable JavaScript to visit this website.

അഭിനയത്തിരയടങ്ങി പൊൻതാരകം ഇനി ഓർമ

മുംബൈ- ദുബായിൽ ശനിയാഴ്ച രാത്രി പൊലിഞ്ഞത് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പെൺ പൊൻതാരകം. സിനിമയിലെ നർത്തക സംഘത്തിൽ അംഗമായി എത്തിയ രാജേശ്വരിയുടെ മകളാണ് പിന്നീട് ഇന്ത്യൻ സിനിമാ ലോകം അടക്കിവാണ താര സുന്ദരിയായി വളർന്ന ശ്രീദേവി. ശ്രീ അമ്മ യങ്കാർ അയ്യപ്പൻ എന്നായിരുന്നു ശ്രീദേവിയുടെ പേര്. ആദ്യ ചിത്രം തുണൈവൻ. നാലാം വയസ്സിൽ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. തെന്നിന്ത്യയിലെ താരഗുരു എന്ന വിശേഷണമുള്ള കെ. ബാലചന്ദറാണാണ് ശ്രീദേവിയെ പിന്നീട് ലോകമറിയുന്ന താരറാണിയായി വാഴിച്ചത്.

 
ബാലചന്ദർ തന്റെ ശിഷ്യരായ കമൽ ഹാസനും രജനീകാന്തിനുമൊപ്പം മുണ്ട്ര് മുടിച്ച് എന്ന ചിത്രത്തിൽ പതിമൂന്നുകാരിയായ ശ്രീദേവിയെ നായികയാക്കുകായായിരുന്നു. തുടർന്ന് കമലിനും രജനിക്കുമൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. സിഗപ്പ് റോജാക്കൾ, മൂന്നാം പിറ തുടങ്ങി നിരവധി ചിത്രങ്ങളിൽ തുടർന്ന് അഭിനയിച്ചതോടെ ശ്രീദേവി കയറിയത് തെന്നിന്ത്യയിലെ താര സുന്ദരി എന്ന പട്ടത്തിലേക്കായിരുന്നു. 


1975 ൽ ബോളിവുഡിലെത്തി. ജൂലി എന്ന സിനിമയിലൂടെയായിരുന്നു അത്. 78 ൽ സോൾവ സാവൻ എന്ന സിനിമയിൽ നായികയായി. 1983 ൽ ജിതേന്ദ്രയുടെ നായികയായതോടെ ശ്രീദേവി ഹോളിവുഡിലെ തിരക്കേറിയ താരമായി. ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയും ശ്രീദേവിയെ തേടിയെത്തി. 
പിന്നീടൊരിക്കൽ സൂപ്പർ താരം മിഥുൻ ചക്രവർത്തിയുമായി പ്രണയത്തിലായെന്നും അവർ വിവാഹം ചെയ്തുവെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ആ ബന്ധം അധികം നീണ്ടുനിന്നില്ല. 
നിരവധി സിനിമകളിൽ ശ്രീദേവിയുടെ നായകനായിരുന്ന അനിൽ കപൂറിന്റെ സഹോദരൻ ബേണി കപൂറിനെ 1996 ലാണ് ശ്രീദേവി വിവാഹം ചെയ്തത്. 1997 ൽ സിനിമയിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. എന്നാൽ 2012 ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെ തിരിച്ചെത്തി. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന സീറോ എന്ന സിനിമയാണ് താരറാണിയുടെ അവസാനത്തെ ചിത്രം. 


അഭിനയത്തെയും ജീവിതത്തെയും എന്നും നിസ്സാരമായാണ് ശ്രീദേവി കണ്ടിരുന്നത്. അവരുടെ അഭിമുഖത്തിലെല്ലാം അക്കാര്യം വ്യക്തവുമാണ്. 
സൂപ്പർ സ്റ്റാറാവുക എന്ന ജോലി അത്ര വലിയ ബുദ്ധിമുട്ടുള്ള ഒന്നല്ലെന്നും ആ പദവി നിലനിർത്തുക എന്നതാണ് ഏറെ പ്രയാസമേറിയതെന്നും ഒരു അഭിമുഖത്തിൽ ശ്രീദേവി പറഞ്ഞിരുന്നു. ഹിമ്മത്ത്‌വാല എന്ന ഒരൊറ്റ സിനിമ കൊണ്ടാണ് ഞാൻ സൂപ്പർ സ്റ്റാറായത്. ജീവിതത്തിൽ പണമോ പദവിയോ ഒന്നുമല്ല അന്തിമ ലക്ഷ്യമാകേണ്ടത്. സന്തോഷമാണ് ലക്ഷ്യമാക്കേണ്ടതെന്നുമായിരുന്നു ശ്രീദേവിയുടെ വാക്കുകൾ. 


ചെറുപ്പം മുതലേ ലജ്ജാവതിയായിരുന്നു ശ്രീദേവി. സഹോദരി ലതയായിരുന്നു എപ്പോഴും കൂട്ട്. ശ്രീദേവിയുടെ നാണംകുണുങ്ങിത്തരം അവസാനിപ്പിക്കാൻ അച്ഛനും അമ്മയും ഏറെ ശ്രമിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. ആൾക്കൂട്ടത്തെയും മനുഷ്യരെയും അവർ വെറുത്തു. ഒരു മുറിയിൽ മൂന്നോ നാലോ ആളുകൾ വന്നാൽ ശ്രീദേവി ഓടി അമ്മയുടെ സാരിത്തുമ്പിലൊളിക്കും. അമ്മയോടായിരുന്നു കൂടുതൽ അടുപ്പം കാണിച്ചത്. പിന്നീട് ഓരോ അഭിമുഖങ്ങളിലും അമ്മയുടെ സ്‌നേഹത്തെ ശ്രീദേവി അനുസ്മരിച്ചിരുന്നു. 
ഞാൻ അതിവൈകാരിക ജീവിയായിരുന്നു. ആരെയും വിശ്വാസത്തിലെടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ഞാനൊരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്നു. എന്നാൽ അതെല്ലാം ദുഃസ്വപ്‌നങ്ങളായിരുന്നു. പ്രേതങ്ങളെയും പിശാചുക്കളെയും സ്വപ്‌നത്തിൽ കണ്ടു. പാമ്പിനെ സ്വപ്‌നം കണ്ടാൽ ഒരുപാട് ശത്രുക്കൾ ചുറ്റിലുമുണ്ടെന്നാണ് അർത്ഥമെന്ന് പലരും പറഞ്ഞു. ഒരിക്കൽ സ്വപ്‌നത്തിൽ ഒരു സുന്ദരനായ മനുഷ്യൻ വന്നു. അയാളെന്നെ ഉമ്മവെച്ചു. ഞങ്ങൾ വിവാഹ വേഷത്തിലായിരുന്നു. ആ മനുഷ്യനായിരുന്നു ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും സുന്ദരനായ മനുഷ്യൻ- ഒരു അഭിമുഖത്തിൽ ശ്രീദേവി പറഞ്ഞ വാക്കുകളാണിത്. 

Image result for sridevi with kamal hassan
പതിനൊന്നാമത്തെ വയസ്സിലാണ് നായികാവേഷം കെട്ടുന്നത്. പ്രായത്തേക്കാളേറെ ശരീരം വളർന്നിരുന്നതുകൊണ്ട് നായികയാകാൻ തടസ്സമുണ്ടായിരുന്നില്ല. ബാലതാരത്തിന്റെയും നായികയുടെയും വേഷങ്ങൾ അനായാസം ചെയ്യാൻ സാധിച്ചു. ക്യാമറ മുന്നിലെത്തിയാൽ ശ്രീദേവിയുടെ ലജ്ജയും ഏകാന്തതയുമെല്ലാം ഓടിയൊളിക്കുന്ന കാഴ്ചയായിരുന്നു കാണാനുണ്ടായിരുന്നത്. ഡിസ്‌കോ ഡാൻസും ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രത്തോടും വെറുപ്പായിരുന്നുവെന്ന് മറ്റൊരു അഭിമുഖത്തിൽ അവർ പറഞ്ഞു. പക്ഷേ, പ്രൊഫഷന്റെ ഭാഗമായി അത് എടുത്തണിയേണ്ടി വന്നു. ഡിസ്‌കോ പോലുള്ള പാർട്ടികളിലേക്ക് പോകാൻ അമ്മ എന്നെ അനുവദിക്കാറുമുണ്ടായിരുന്നില്ല -ഡിസ്‌കോയെ പറ്റിയുള്ള അഭിപ്രായമായിരുന്നു ഇത്. ഭക്ഷണത്തോടായിരുന്നു മറ്റൊരു കമ്പം.  ഭക്ഷണം കഴിക്കുക എന്നത് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും എനിക്ക് വിശക്കും. രാവിലെ വലിയ തോതിൽ തന്നെ പ്രഭാത ഭക്ഷണം കഴിച്ചു പോയാലും അധികം വൈകാതെ വീണ്ടും വിശക്കും. ചൈനീസ് ഭക്ഷണത്തോടും ഏറെ താൽപര്യമുണ്ടായിരുന്നു. എല്ലാതരം മിഠായികളും ഇഷ്ടമായിരുന്നു. ചോറും തൈരുമില്ലാതെ എന്റെ ഭക്ഷണം പൂർണമാകില്ലായിരുന്നു. ചൈനീസ് ഭക്ഷണങ്ങൾക്ക് മേലെ പോലും ഞാനത് കഴിച്ചു. 

Image result for sridevi in malayalam movies
ഹൈ ഹീൽ ചെരിപ്പുകൾ ധരിക്കാൻ ഇഷ്ടപ്പെട്ടു. വലിയ ഉയരം സ്ത്രീകളുടെ പദവി ഉയർത്തുമെന്നാണ് വിശ്വാസം. ചില നേരങ്ങളിൽ ഹീലുകൾ ഒഴിവാക്കി. എന്റെ നായകൻമാർ എന്നേക്കാൾ ഉയരം കുറഞ്ഞവരാകുമ്പോഴാണ് അങ്ങനെ ചെയ്തത് -ഇങ്ങനെയൊക്കെയായിരുന്നു ശ്രീദേവി.
ഇന്ത്യൻ സിനിമയിൽ ശ്രീദേവിയെ പോലെ അധികം താരങ്ങളില്ല. മണ്ണിൽനിന്ന് വിണ്ണ് വരെ ഉയർന്ന അപൂർവ്വ താരമായിരുന്നു ശ്രീദേവി. ദുബായിലെ ഹോട്ടൽ മുറിയിൽ ആ ജീവിതം അവസാനിക്കുമ്പോൾ തിരശ്ശീല വീഴുന്നത് ഒരു കാലഘട്ടത്തിന്റെ സിനിമാ സങ്കൽപവും സൗന്ദര്യവും കൂടിയാണ്. 

Latest News