മദീന - പ്രവാചകൻ മുഹമ്മദ് നബി(സ)യുടെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താൻ ഇഅ്തമർനാ ആപ്പ് വഴി പുരുഷന്മാർക്കു മാത്രമാണ് പെർമിറ്റുകൾ അനുവദിക്കുന്നതെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്തുന്നതിനുള്ള പെർമിറ്റിന് വനിതകൾക്ക് ബുക്കിംഗ് നടത്താൻ സാധിക്കില്ല. മസ്ജിദുന്നബവി റൗദ ശരീഫ് സിയാറത്തിന് വനിതകൾക്ക് പെർമിറ്റുകൾ അനുവദിക്കുന്നുണ്ട്.
പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താനും റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും 30 ദിവസത്തിൽ കുറയാത്ത ഇടവേളകളിലാണ് പെർമിറ്റുകൾ അനുവദിക്കുന്നത്. ഇതനുസരിച്ച് ഒരു തവണ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താനും റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും പെർമിറ്റുകൾ നേടുന്നവർക്ക് 30 ദിവസം പിന്നിടാതെ വീണ്ടും പെർമിറ്റുകൾ അനുവദിക്കില്ല.
മസ്ജിദുന്നബവിയിൽ നിർബന്ധ നമസ്‌കാരങ്ങളിൽ പങ്കെടുക്കാൻ മുൻകൂട്ടി പെർമിറ്റുകൾ നേടേണ്ട ആവശ്യമില്ല. പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താനും റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും ലഭ്യതക്കനുസരിച്ച് പെർമിറ്റുകൾ നേടാൻ ഇഅ്തമർനാ ആപ്പ് നിരന്തരം നിരീക്ഷിക്കണം. ഇഅ്തമർനാ ആപ്പ് വഴി പെർമിറ്റുകൾ ലഭിക്കാൻ ഉപയോക്താക്കൾ തങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ അപ്‌ഡേറ്റ് ചെയ്യണം. ഇതിന് തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് പ്രകടമാകണമെന്ന് വ്യവസ്ഥയുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.