മൊബൈലില്‍ കളിച്ചതിന് അഞ്ചു വയസ്സുകാരനെ അച്ഛന്‍ അടിച്ചു കൊന്നു

ന്യൂദല്‍ഹി- പഠനത്തില്‍ ശ്രദ്ധിക്കാതെ മൊബൈലില്‍ കളിച്ചതിന് അഞ്ചു വയസ്സുകാരനായ സ്വന്തം മകനെ അച്ഛന്‍ അടിച്ചുകൊന്നു. ഉത്കര്‍ഷ് എന്നു വിളിക്കുന്ന ഗ്യാന്‍ പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സൗത്ത് ദല്‍ഹിയിലെ ഖാന്‍പൂരിലാണ് ദാരുണ സംഭവം. അടിയേറ്റ കുട്ടി കരഞ്ഞത് അച്ഛനെ കൂടുതല്‍ പ്രകോപിതനാക്കി. തുടര്‍ന്ന് മരക്കഷണം എടുത്ത് അച്ഛന്‍ കുഞ്ഞിനെ ക്രൂരമായി അടിക്കുകയായിരുന്നു. ബോധമറ്റ കുഞ്ഞിനെ അമ്മയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളെ കുറിച്ചുള്ള ചോദ്യത്തിന് മാതാപിതാക്കള്‍ നല്‍കിയ മറുപടിയില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ചോദ്യം ചെയ്ത് അച്ഛനെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച വിവരം അയല്‍വാസി വിളിച്ച് അറിയിച്ചിരുന്നതായും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ പിതാവ് ആദിത്യ പാണ്ഡെ (27) കുറ്റം സമ്മതിച്ചു. പാല്‍ വിതരണ ജോലി ചെയ്തു വരികയായിരുന്നു ആദിത്യ. വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മകന്‍ മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്നത് കണ്ട രോഷത്തിലാണ് മര്‍ദനം.
 

Latest News