കോവിഡ്: ഫെബ്രുവരിയില്‍ ഇന്ത്യയില്‍  വന്‍ വര്‍ധനവുണ്ടാകും,   മദ്രാസ് ഐ.ഐ.ടി.യുടെ മുന്നറിയിപ്പ്

ചെന്നൈ- ഫെബ്രുവരി 1നും 15 നും ഇടയില്‍ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടാഴ്ചയിലെ കോവിഡ് പ്രത്യുത്പാദനശേഷിയുടെ (ആര്‍ മൂല്യം) അടിസ്ഥാനത്തില്‍ ഐ.ഐ.ടി.യിലെ ഗണിത വകുപ്പും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡേറ്റ സയന്‍സും ചേര്‍ന്നാണ് പഠനം നടത്തിയത്.
ഒരു രോഗിയില്‍നിന്ന് എത്രപേര്‍ക്ക് രോഗം പകരുമെന്ന കണക്കാണ് ആര്‍ മൂല്യം. ജനുവരി 1 മുതല്‍ 6 വരെ ഇത് 4 ആയി ഉയര്‍ന്നിരുന്നു. ഡിസംബര്‍ 25 മുതല്‍ 31 വരെ 2.9 ആയിരുന്നു ആര്‍ മൂല്യം. രണ്ടാംതരംഗത്തെ അപേക്ഷിച്ച് കേസുകളില്‍ ക്രമാതീതമായ വര്‍ധന ഇനിയുണ്ടാകും.
പ്രാഥമിക വിശകലനത്തില്‍ രാജ്യത്ത് ആര്‍ മൂല്യം ക്രമാതീതമായി ഉയരുകയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേസുകളില്‍ വലിയ വര്‍ധനവ് ഇനിയുണ്ടാകും.
 

Latest News