Sorry, you need to enable JavaScript to visit this website.

ജയരാജൻ സി.പി.ഐക്കാരുടെ പല്ല് ആദ്യം പറിക്കട്ടെയെന്ന് കോൺഗ്രസ്


കണ്ണൂർ- സിൽവർ ലൈൻ പാതക്കെതിരെ സമരം ചെയ്യുന്നവരുടെ പല്ല് സൂക്ഷിക്കാൻ മുന്നറിയിപ്പ് നൽകിയ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി കോൺഗ്രസും യൂത്ത് കോൺഗ്രസും.
എം.വി. ജയരാജൻ, കെ-റെയിലിനെ എതിർക്കുന്ന സ്വന്തക്കാരായ പരിഷത്തുകാരുടെയും സി.പി.ഐ കാരുടെയും പല്ലാണ് ആദ്യം പറിക്കേണ്ടതെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് തിരിച്ചടിച്ചു. പല്ല് പറിക്കാൻ വന്നാൽ ജയരാജന്റെ എല്ലിന്റെ എണ്ണം കൂടുമെന്ന് യൂത്ത് കോൺഗ്രസും മുന്നറിയിപ്പു നൽകി. പരിഷത്തിന്റെയും, സി.പി.ഐയുടെയും പല്ല് പറിക്കാനുള്ള ധൈര്യം ജയരാജനുണ്ടോയെന്നു ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ചോദിച്ചു. കെ-റയിലിനെതിരെ സമരം ചെയ്യുന്നവരെ കായികപരമായി നേരിടുമെന്ന ജയരാജന്റെ വെല്ലുവിളി കൊണ്ട്
പദ്ധതിക്കെതിരെയുള്ള ജനവികാരത്തെ തടയാനാവില്ല. കെ. സുധാകരന്റെ പല്ല് പറിക്കാൻ നടക്കുന്ന ജയരാജന് കെ-റെയിൽ കടന്നു പോകുന്ന പാതയിലെ പുല്ല് പോലും പറിക്കാൻ കഴിയില്ല. കെ-റെയിലിനെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തമായി  തുടരുമെന്നും പിണറായിയുടെ ധാർഷ്ട്യത്തിനു മുന്നിൽ മുട്ടുമടക്കുകയില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.  പല്ലു കൊഴിക്കാൻ വന്നാൽ എം.വി. ജയരാജന്റെ എല്ലിന്റെ എണ്ണം കൂടുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് പറഞ്ഞു.
സർവേ കല്ല് പിഴുതെറിയാൻ തീരുമാനിച്ചാൽ ഒരു മണിക്കൂർ മതിയെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ സി.പി.എം തടയട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
 

Latest News