ക്രിമിനല്‍ കേസിലുള്‍പ്പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് പാര്‍ട്ടികള്‍ കാരണം വ്യക്തമാക്കണമെന്ന് കമ്മീഷന്‍

ന്യൂദല്‍ഹി- ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ എന്തു കൊണ്ട് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നു എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധമായും വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. ഇത്തരം സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ക്കൊപ്പം അവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ എന്തുകൊണ്ട് തീരുമാനിച്ചു എന്നും വ്യക്തമാക്കുന്ന രേഖകള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത് 72 മണിക്കൂറിനകം ഈ രേഖകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിക്കണം. ഈ കംപ്ലയന്‍സ് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട പാര്‍ട്ടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി. ഈ വിവരങ്ങല്‍ സമര്‍പ്പിക്കണമെന്ന് 2020 ഫെബ്രുവരിയില്‍ സുപ്രീം കോടതി വിധിയുണ്ടായിരുന്നു. ഇതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കമ്മീഷന്‍ ഈ നിര്‍ദേശം നല്‍കാറുണ്ടെങ്കിലും പാര്‍ട്ടികള്‍ ഇതു കാര്യമാക്കാറില്ല. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരെ എന്തു കൊണ്ട് സ്ഥാനാര്‍ത്ഥിയാക്കി കൂടാ എന്നും പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് കമ്മീഷന്‍ പറഞ്ഞു. ജയസാധ്യത മാത്രം കണക്കിലെടുത്താലന്‍ പോര, സ്ഥാനാര്‍ത്ഥിയുടെ യോഗ്യത, നേട്ടങ്ങള്‍ എന്നിവയെല്ലാം പരിഗണിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
 

Latest News