ഹിന്ദു ദേവന്റെ വേഷംകെട്ടിയ മുസ്‌ലിം യുവാവിനെതിരെ പോലീസ് കേസെടുത്തു

മംഗളുരു- കര്‍ണാടകയിലെ തുളുനാട് മേഖലയിലെ ഹിന്ദു ദേവനായ കൊറഗജ്ജയുടെ വേഷമണിഞ്ഞ് വധൂഗ്രഹത്തില്‍ വിരുന്നിനെത്തിയ സംഭവത്തില്‍ വരനായ മുസ്ലിം യുവാവിനും വധുവിന്റെ കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന്റെ വിഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണം ഉയര്‍ന്നിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള സ്വദേശി ഉമറുല്ലാല്‍ ബാസിത് ആണ് ദേവന്റെ വേഷത്തില്‍ സലെത്തൂരിലെ വധൂഗ്രഹത്തില്‍ ദേവന്റെ വേഷത്തില്‍ ഡാന്‍സ് ചെയ്തത്. സുഹൃത്തുക്കള്‍ക്കൊപ്പം വധുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയ ബാസിതിന്റെ കൂടെയുള്ള സുഹൃത്തുക്കള്‍ പാളത്തൊപ്പി അണിയിക്കുകയും കൊറഗജ്ജയുടെ രൂപത്തില്‍ നിറം തേക്കുകയും നൃത്തം ചെയ്യിപ്പിച്ച് വിഡിയോ പിടിക്കുകയും ചെയ്യുകയായിരുന്നു. ഈ വിഡിയോ വൈറലായതോടെ പ്രതിഷേധം ഉയര്‍ന്നു.

സംഭവത്തെ മുസ്ലിം നേതാക്കളും അപലപിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി ശിവാനന്ദ് മെന്‍ഡോന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം രീതികള്‍ മുസ്ലിം വിവാഹങ്ങളുടെ ഭാഗമല്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മുന്‍ മേയറും ദക്ഷിണ കന്നഡ ജില്ലാ മുസ്ലിം ഫെഡറേഷന്‍ പ്രസിഡന്റുമായ കെ അഷ്‌റഫ് പറഞ്ഞു.

Latest News