Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോൺഗ്രസുകാരുടെ കൊക്കിൽ ജീവനുള്ളകാലം കെറെയിൽ പദ്ധതി അനുവദിക്കില്ല- കെ സുധാകരൻ

കൊച്ചി- കേരളത്തിലെ കോൺഗ്രസുകാരുടെ കൊക്കിൽ ജീവനും സിരകളിൽ രക്തവുമുള്ളിടത്തോളം കാലം കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. കേരളത്തെ വെട്ടിമുറിച്ചും ജനവികാരം അവഗണിച്ചും മുന്നോട്ടു പോകാൻ ഒരു ശക്തിയെയും അനുവദിക്കില്ല. ബലമായി സർവേ കല്ലിട്ടും വീടുകൾ പിടിച്ചടക്കിയും പദ്ധതി നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും വ്യഗ്രതയെ ചെറുത്തു തോൽപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. അതിനുള്ള ഇച്ഛശക്തിയും കരുത്തും കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിനുണ്ട്. കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതുമായി നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാർ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കൺവെൻഷൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.
കേരളത്തെ പൂർണമായി രണ്ട് ദേശങ്ങളായി വിഭജിക്കുന്നതാണ് പിണറായിയുടെയും സിപിഎമ്മിന്റെയും മനസിലുള്ള സ്വപ്ന പദ്ധതി. റെയിൽ പാത കടന്നു പോകുന്ന ഭാഗങ്ങളിലെല്ലാം മതിൽകെട്ടുകളുയർന്നാൽ സംസ്താനത്തിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതം അതിഭീകരമായിരിക്കും. പാതയുടെ പാർശ്വങ്ങളിൽ ഉള്ളവർ മാത്രമല്ല, സമീപ മേഖലകളിലെല്ലാമുള്ളവർ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടി വരും. ചിലയിടങ്ങൾ വെള്ളക്കെട്ടുകളായി രൂപാന്തരപ്പെടുമ്പോൾ ചിലയിടങ്ങൾ കുടിവെള്ളം പോലുമില്ലാത്ത പ്രദേശങ്ങളായി മാറും. പാരിസ്ഥിതി ആഘാത പഠനം നടത്താതെ ഇത്തരമൊരു പദ്ധതിയുമായി മുമ്പോട്ടു പോകുന്നത് മനുഷ്യരോടും പ്രകൃതിയോടുമുള്ള ക്രൂരതയും ജനങ്ങളോടുള്ള വെല്ലുവിളിയും സ്വേച്ഛാധിപത്യപരവുമാണ്. 
സിപിഎം - ബിജെപി അവിശുദ്ധ ബന്ധത്തിന്റെ വ്യക്തമായ ഉദാഹരണമാണ് കെ റെയിൽ പദ്ധതി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ കേന്ദ്രത്തിന്റെ അനുമതിയുണ്ടെന്നു റെയിൽവേ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത് ഇതിന്റെ വ്യക്തമായ തെളിവാണ്. കോൺഗ്രസ്-ബെജെപി കൂട്ടുകെട്ടാണ് നിലവിലുള്ളതെന്നു നാവികയ്ക്ക് നാൽപത് വട്ടം ആരോപിക്കുന്ന സിപിഎമ്മിന്റെ യഥാർഥ അവിഹിത ബന്ധമാണ് കോടതിയിൽ തെളിഞ്ഞു കണ്ടത്. ഇതെല്ലാം കണ്ടിരിക്കുന്ന ജനങ്ങൾ വിഡ്ഢികളാണെന്ന മട്ടിൽ സിപിഎമ്മും ബിജെപിയും നിരന്തരം കോൺഗ്രസിനെതിരേ പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുന്നത് ഒത്തുകളിയുടെ ഭാഗമാണ്. 
നിയമസഭാ സാമാജികരെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയും ഭരണകൂടവും അവാസ്തങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ സുധാകരൻ പറഞ്ഞു. നുണപ്രചാരണങ്ങൾ അവസാനിപ്പിച്ചു ജനപക്ഷത്തേക്ക് തിരിയാൻ മുഖ്യമന്ത്രി തയാറായേ പറ്റൂ. ഇല്ലാത്തപക്ഷം തിരുത്തിക്കാൻ കോൺഗ്രസ് നേതൃത്വം നൽകും. അടിയന്തിരമായി നിയമസഭ വിളിച്ചു ചേർക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ജനവിരുദ്ധ പദ്ധതിക്കെതിരേ ദേശീയ തലത്തിൽ പരിസ്ഥിതി പ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടെയുള്ളവരെ ബോധവൽക്കരിക്കാൻ കണ്ടവെൻഷൻ തീരുമാനിച്ചു. ശക്തമായ സമരപരിപാടികൾക്ക് വരും ദിവസങ്ങളിൽ രൂപം നൽകും. ഇതിന്റെ മുന്നോടിയായി ജില്ലാതലങ്ങളിൽ ആശയപ്രചാരണങ്ങൾ നടത്തും. പരിസ്ഥിതിവാദികളും പ്രകൃതിസ്നേഹികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ളവരുമായി സംവാദങ്ങൾ സംഘടിപ്പിക്കും. പദ്ധതിയുടെ ദുരന്തഫലങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ എല്ലാ വീടുകളും സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്യും. എല്ലാ മേഖലകളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താനും കൺവെൻഷനിൽ തീരുമാനിച്ചു. 
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, റോജി എം. ജോൺ, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി. പി സജീന്ദ്രൻ, വി. ജെ പൗലോസ്, ജനൽ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, കെ ജയൻ, ജി. എസ് ബാബു, ജോസി സെബാസ്റ്റിയൻ, പ്രതാപ വർമ തമ്പാൻ, ഡിസിസി പ്രസിഡന്റുമാരായ നാട്ടകം സുരേഷ്, ബാബു പ്രസാദ്, എ. എ ഷുക്കൂർ, പി. എസ് സലിം, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, കെപിസിസി നേതാക്കളായ ജോസഫ് വാഴക്കൻ, എം ലിജു, എം മുരളി, കെ. പി ധനപാലൻ, മുഹമ്മദ്കുട്ടി മാസ്റ്റർ, പി. ജെ ജോയി, ജയ്സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Latest News