കണ്ണൂര്‍- കെ-റെയില്‍ സര്‍വേക്കല്ല് പറിച്ചെറിഞ്ഞ സംഭവത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ കേസ്. പഴയങ്ങാടിയിലെ പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മാര്‍ച്ച് അക്രമാസക്തമാകുന്ന നിലയെത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവര്‍ത്തകരെ ഒഴിപ്പിച്ചു.
പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മാടായിപാറയില്‍ കെ-റെയിലിന് വേണ്ടി സ്ഥാപിച്ച സര്‍വേക്കല്ല ്കഴിഞ്ഞ ദിവസം പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതാരാണ് ചെയ്തതെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് സംഭവത്തെ അനൂകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട രാഹുലിനെതിരേ പോലീസ് കേസെടുത്തത്.