മൂന്നാം മുന്നണി; തെലങ്കാന മുഖ്യമന്ത്രിയുമായി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തി

ഹൈദരാബാദ്- തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമായി മുഖ്യമന്ത്രി പിണറായി  വിജയന്‍ ചര്‍ച്ച നടത്തി. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനായി ഹൈദരാബാദിലെത്തിയ പിണറായി തെലങ്കാന മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റു നേതാക്കളും പങ്കെടുത്തു.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്  കൂടിക്കാഴ്ചയെന്ന്  റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്ര് പ്രമേയത്തിന്റെ കരടിന് സിപിഎം പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ്, സിപിഎം പ്രാദേശിക സഖ്യസാധ്യതകള്‍ തേടുന്നത്.

ബിജെപിക്കെതിരെ മൂന്നാംമുന്നണി രൂപീകരിക്കാന്‍ കെസിആറിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രീയ സമിതി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.  മമത ബാനര്‍ജി അടക്കമുള്ള നേതാക്കളുമായി കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നു.

 

Latest News