ന്യൂയോര്‍ക്ക്- യുഎസില്‍ ഇന്ത്യന്‍ വംശജനായ സിഖ് ടാക്‌സി ഡ്രൈവറെ അജ്ഞാതന്‍ ആക്രമിച്ചു. ടര്‍ബന്‍ വലിച്ചൂരുകയും അധിക്ഷേപിക്കുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ രാജ്യാന്തര വിമാനത്താവളത്തിനു പുറത്ത് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. അക്രമി ഡ്രൈവറെ തുടരെ ഇടിക്കുകയും അധിക്ഷേപിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. ട്വിറ്ററില്‍ ജനുവരി നാലിനാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം നവ്‌ജോത് പാല്‍ കൗര്‍ എന്ന യുവതിയാണ് പങ്കുവച്ചത്. എയര്‍പോര്‍ട്ടിലെത്തിയ ഒരാള്‍ ചിത്രീകരിച്ചതാണിതെന്ന് അവര്‍ പറയുന്നു. അക്രമത്തിന് ഇരയായ ഡ്രൈവറെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. യുഎസിലെ സിഖ് സമൂഹത്തിനിടയലും പൗരാവകാശ സംഘടനകള്‍ക്കിടയിലും സംഭവം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. യുഎസില്‍ ഇതാദ്യമായാണ് ഒരു സിഖ് ടാക്‌സി ഡ്രൈവര്‍ ആക്രമിക്കപ്പെടുന്നതെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.