ന്യൂദൽഹി- മുൻനിര ബഹുരാഷ്ട്ര ഫിനാൻഷ്യൽ കൺസൽട്ടൻസി കമ്പനിയായ കെ.പി.എം.ജി ഇന്ത്യയ്‌ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ പുറത്തുപറഞ്ഞ് പേരു വെളിപ്പെടുത്താത്ത ഒരു ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രധാനന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ഉന്നത ഉദ്യോസ്ഥരുടെ മക്കളേയും ബന്ധുക്കളേയും ജോലിക്കെടുത്ത് കെപിഎംജി സർക്കാർ നയങ്ങളെ സ്വന്തം താൽപ്പര്യങ്ങൾക്കു വേണ്ടി സ്വാധീനിച്ച് കാര്യങ്ങൾ നേടിയെടുക്കുന്നുവെന്നാണ് കേന്ദ്ര സർക്കാരിൽ ഡയറക്ടറുടെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥൻ ഡിസംബർ അഞ്ചിന് എഴുതിയ കത്തിൽ പറയുന്നത്. കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും കെപിഎംജിയിലെ ഉന്നത എക്‌സിക്യൂട്ടീവുകളും തമ്മിൽ അഴിമതിയിലൂടെ അടുപ്പം സൃഷ്ടിച്ചെടുത്തിരിക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നു. സർക്കാരിന്റെ കരാർ ലഭിക്കുന്നതിനു വേണ്ടി ഉന്നത ഉദ്യോഗസ്ഥന് കമ്പനി കൈക്കൂലി വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്. പ്രമുഖ മാസികയായ കാരവനാണ് ഈ കത്ത് പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
ഈ ആരോപണങ്ങളെ ശക്തമായി തള്ളിയ കെപിഎംജി വക്താവ് ഐഎഎസ് ഉദ്യോഗസ്ഥൻ ഉന്നയിച്ച വാദങ്ങളെ തള്ളിയില്ലെന്നും കാരവൻ റിപ്പോർട്ട് പറയുന്നു. സ്വകാര്യ മേഖലയിലെ കൺസൽട്ടൻസി കമ്പനികളുമായി ബന്ധപ്പെട്ടു നടക്കുന്ന വ്യാപക അഴിമതി പ്രധാനമന്ത്രിയുടെ ശ്രദ്ധയിലെത്തിക്കാനാണ് ഉന്നത ഉദ്യോഗസ്ഥൻ ഈ കത്തെഴുതിയിരിക്കുന്നത്. സഹപ്രവർത്തകരായ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം ഭയന്നാണ് പേരുവിവരം രഹസ്യമാക്കി വച്ചിരിക്കുന്നതെന്നും കത്തിൽ പറയുന്നുണ്ട്. ഏതാനും ആഴ്ചകളായി സർക്കാർ വൃത്തങ്ങൾക്കിടയിൽ ചർച്ചാ വിഷയമായ ഈ കത്ത് പ്രധാനമന്ത്രിക്കു ലഭിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഒരു കൺസൾട്ടൻസി പ്രൊജക്ട് സ്വന്തമാക്കുന്നതിന് കെപിഎംജിയിലെ ഒരു ഉന്നത എക്‌സിക്യൂട്ടീവ് സർക്കാർ വകുപ്പിലെ ജോയിന്റ് സെക്രട്ടറിക്ക് വൻകോഴയാണ് വാഗ്ദാനം ചെയ്തതെന്ന് കത്തിൽ പറയുന്നു. എന്നാൽ ഈ കൈക്കൂലി ജോയിന്റ് സെക്രട്ടറി നിരസിച്ചെങ്കിലും സംഭവത്തെ കുറിച്ചു ബന്ധപ്പെട്ട ഏജൻസികളെ വിവരമറിയിച്ചില്ല. ഉന്നത ഐഎഎസ്, ഐ പി എസ് ഉദ്യോഗസ്ഥർക്കിടയിൽ കെപിഎംജിക്കുള്ള സ്വാധീനം നന്നായി അറിയാവുന്നത് കൊണ്ടാണ് തിരിച്ചടിയാകുമെന്ന് ഭയന്ന ജോയിന്റ് സെ്ക്രട്ടറി അഴമതിക്കാര്യം പുറത്തു പറയാതിരുന്നതെന്നും കത്തിൽ ആരോപിക്കുന്നു.
വൻ തുക പ്രതിഫലം നൽകിയാണ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ മക്കളേയും ബന്ധുക്കളേയും കെപിഎംജി നിയമിച്ചിരിക്കുന്നത്. ഇവരിലൂടെ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതായ് കെപിഎംജിയുടെ രീതി. ഇങ്ങനെ നിയമിച്ചവരിൽ 40 കോടി രൂപവരെ പ്രതിഫലം ലഭിക്കുന്നവരുണ്ടെന്നും കത്തിൽ ആരോപിക്കുന്നു. ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ ബന്ധുക്കളും മക്കളും ഉൾപ്പെടെ കെപിഎംജിയിൽ ഉന്നത ഉദ്യോഗം വഹിക്കുന്ന ഒമ്പതു പേരുടെ വിവരങ്ങളും കത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു. നഗര വികസനം, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളിൽ നേരത്തെ ഉന്നത പദവി വഹിച്ചവുരും ഇപ്പോൾ വഹിക്കുന്നവരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മക്കളും ഇതിലുൾപ്പെട്ടിരിക്കുന്നു. പ്രധാമന്ത്രി മോഡിയുടെ പ്രധാന പദ്ധതിയായ സ്മാർട് സിറ്റി പദ്ധതിയിൽ ഉന്നത പദവിയിരിക്കുന്ന ഒരു ഐഎഎസുകാരന്റെ മകനും കെപിഎംജി നിയമനം നൽകിയിട്ടുണ്ട്്.
ഗുജറാത്ത് കേഡൽ ഐഎഎസ് ഓഫീസറും ആഭ്യന്തര വകുപ്പിൽ സെക്രട്ടറിയുമായിരുന്ന ഉദ്യോഗസ്ഥന്റെ മകൾ, രാജസ്ഥാൻ കേഡർ ഐഎഎസ് ഓഫീസർ, എയർപോർട്ട് അതോറിറ്റ് ഓഫ്് ഇന്ത്യ മുൻ ചെയർമാൻ, മുൻ ധനകാര്യ സെക്രട്ടറി എന്നിവരുടെ മക്കളും ഇതിലുൾപ്പെടുന്നു.