ഇടുക്കി-രാജാക്കാട് പേത്തൊട്ടിയിൽ കുസൃതി കാണിച്ചതിന് അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത. തവി അടുപ്പിൽ വച്ച് ചൂടാക്കി ശരീരം പൊള്ളിച്ചു. അമ്മയെ ശാന്തമ്പാറ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് സ്വദേശികളും പേത്തൊട്ടിയിൽ സ്ഥിര താമസക്കാരുമായ തോട്ടം തൊഴിലാളികളുടെ മകനെയാണ് അമ്മ പൊള്ളലേൽപ്പിച്ചത്. അഞ്ച് ദിവസം മുമ്പാണ് സംഭവം. രണ്ടു കാലിന്റെയും പാദത്തിനടയിലും വലതുകാലിന്റെ മുട്ടിന് താഴെയും പുറത്തും ഇടുപ്പിലും ആണ് പൊള്ളലേൽപ്പിച്ചത്. ശരീരത്താകെ ആറ് ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ കാലിനടിയിലെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല.
സമീപത്തെ വീടുകളിലുള്ള കുട്ടികളെ അടിക്കുന്നുവെന്നും കുസൃതി കാണിക്കുന്നുവെന്നും പരാതി ഉയർന്നതിനെ തുടർന്നാണ് ശിക്ഷിച്ചതെന്നാണ് അമ്മ തന്നെ പറയുന്നത്. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് പോയ ഇവർ അവിടെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തിരികെ എത്തിയപ്പോൾ കാലിലെ മുറിവ് ശ്രദ്ധയിൽ പെട്ട സമീപവാസികൾ ആണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് കുട്ടിയെ ശാന്തൻപാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പിന്നീട് വിദഗ്ധ പരിശോധനക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കെതിരെ ജുവനൈൽ ജസ്റ്റീസ് അക്ട് പ്രകാരം ആണ് കേസെടുത്തിരിക്കുന്നതെന്ന് ശാന്തമ്പാറ എസ്എച്ച്ഒ അനിൽ ജോർജ് പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടിയെയും 3.5 വയസുള്ള സഹോദരിയേയും താൽക്കാലികമായി ചൈൽഡ് ലൈൻ ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും.






