ജിദ്ദയിൽ നൂറിലേറെ ലേബർ ക്യാമ്പുകൾ ഒഴിപ്പിച്ചു

ജിദ്ദ - വിദേശ തൊഴിലാളികൾ കൂട്ടത്തോടെ കഴിഞ്ഞിരുന്ന, നഗരസഭാ വ്യവസ്ഥകൾ പൂർണമല്ലാത്ത നൂറിലേറെ താമസസ്ഥലങ്ങൾ അടുത്തിടെ ഒഴിപ്പിച്ച് കമ്പനികൾക്കും കെട്ടിട ഉടമകൾക്കും പിഴകൾ ചുമത്തിയതായി ജിദ്ദ നഗരസഭ പറഞ്ഞു. നഗരസഭാ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ ജിദ്ദയിലെ ലേബർ ക്യാമ്പുകളിൽ നഗരസഭ 600 ലേറെ സന്ദർശനങ്ങൾ നടത്തി. ജിദ്ദയിൽ 333 ലേബർ ക്യാമ്പുകൾക്ക് നഗരസഭ ലൈസൻസ് നൽകിയിട്ടുണ്ട്. മുഴുവൻ നഗരസഭാ വ്യവസ്ഥകളും ശരീര ഊഷ്മാവ് പരിശോധന, അണുവിമുക്തമാക്കൽ അടക്കമുള്ള ആരോഗ്യ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തൊഴിലാളികൾ കൂട്ടത്തോടെ കഴിയുന്ന കെട്ടിടങ്ങളിൽ പരിശോധനകൾ തുടരുകയാണ്. 
നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ നിയമ ലംഘകർ എത്രയും വേഗം അടക്കണം. ലൈസൻസില്ലാത്ത ലേബർ ക്യാമ്പുകൾ ഉടനടി ഒഴിയുകയും കാലാവധിയുള്ള ലൈസൻസുള്ളവർ ക്യാമ്പുകളിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുകയും വേണം. ലേബർ ക്യാമ്പുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് 940 എന്ന നമ്പറിൽ ബന്ധപ്പെട്ട് സ്വദേശികളും വിദേശികളും റിപ്പോർട്ട് ചെയ്യണമെന്നും ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു.
 

Latest News