ഡെറാഡൂൺ - ഉത്തരാഖണ്ഡിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മുസൂറിയിൽ പ്രാദേശിക വ്യാപാരി സംഘടന നഗരത്തിൽ കച്ചവടം ചെയ്യുന്ന കശ്മീരി വ്യാപാരികൾക്കെതിരെ രംഗത്ത്. കശ്മീരി വസ്ത്രവ്യാപാരികളുടെ സാന്നിധ്യം വർഗീയ പ്രശ്‌നമുണ്ടാക്കുമെന്നാരോപിച്ചാണ് വർഗീയ വിവേചന നിലപാടുമായി മുസൂറി ട്രെഡേഴ്‌സ് വെൽഫയർ അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്. 11 മാസത്തെ വാടക കരാറിൽ മുറികളെടുത്ത് വസ്ത്രങ്ങൾ വിൽപ്പന നടത്തുന്ന കശ്മീരികൾ ഈ മാസത്തോടെ ഒഴിഞ്ഞ് പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇക്കാര്യമറിയിച്ച് ഇവർക്ക് ഔദ്യോഗികമായി അറിയിപ്പൊന്നും നൽകിയിട്ടില്ല. ഇവരുടെ വാടക കരാർ പുതുക്കി നൽകരുതെന്നാണ് വ്യാപാരി സംഘടന മുറി ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
18 കശ്മീരി കച്ചവടക്കാരാണ് മുസൂറിയിൽ വ്യാപാരം നടത്തുന്നത്. ഈ നഗരത്തിൽ ഇത് വളരെ അധികമാണെന്ന് വ്യാപാരി സംഘടന പ്രസിഡന്റ് രജത് അഗർവാൾ പറയുന്നു. അതേസമയം അഞ്ചു പതിറ്റാണ്ടോളമായി ഇവിടെ വ്യാപാരം നടത്തുന്ന ഏഴോളം കശ്മീരി കുടുംബങ്ങൾക്ക് ഇവരെ തുടരാമെന്നും അദ്ദേഹം പറഞ്ഞു. ഇവർ വർഗീയ പ്രശ്‌നമുണ്ടാക്കിയിട്ടില്ല. പുതുതായി എത്തിയ കശ്മീരി വ്യാപാരികളാണ് പ്രാദേശിക വ്യാപാരികൾക്ക് പ്രശ്‌നമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ വർഷം ജൂൺ 18ലെ സംഭവങ്ങളാണ് കശ്മീരികളോടുള്ള വിവേചനത്തിന് കാരണം. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനോട് ഇന്ത്യ തോറ്റത് മുസ്ലിം യുവാക്കൾ ആഘോഷിച്ചെന്നാരോപിച്ചായിരുന്നു ഇവിടെ പ്രശ്‌നങ്ങളുടെ തുടക്കം. പാക്കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതായും ആരോപണമുയർന്നിരുന്നു. കശ്മീരി യുവാക്കളാണ് ഇതിനു പിന്നിലെന്നാരോപിച്ച്് ഇവർക്ക് അടുത്ത വർഷം മുതൽ മുറി വാടകയ്ക്ക് നൽകരുതെന്ന് അന്നു തന്നെ വ്യാപാരി സംഘടന തീരുമാനമെടുത്തിരുന്നു.
എന്നാൽ പോലീസ് കണ്ടെത്തിയ വസ്തുത മറ്റൊന്നായിരുന്നു. ഇവിടുത്തെ കശ്മീരി യുവാക്കൾ ദേശവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടില്ലെന്നായിരുന്നു പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് ഉത്തർ പ്രദേശിലെ സഹാറൻപൂർ സ്വദേശികളായ യുവാക്കളാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. എങ്കിലും കശ്മീരികളോടുള്ള വവേചനം തുടരുന്ന നിലപാടാണ് വ്യാപാരികൾ സ്വീകരിച്ചത്. ജമ്മു കശ്മീർ സർക്കാർ ഉത്തരാഖണ്ഡ് സർക്കാരുമായി ബന്ധപ്പെട്ട് ഈ വിഷയം പരിഹരിച്ചിരുന്നെങ്കിലും ഇപ്പോൾ ഇവിടം വിട്ടു പോകണമെന്ന് നിലപാടിൽ പ്രാദേശിക വ്യാപാരികൾ മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരി 28നു ശേഷം എന്തു ചെയ്യണമെന്നറിയാത്ത കശ്മീരീ വ്യാപാരികൾ സഹായം തേടി മുസൂറിയിലെ ബിജെപി എംഎൽഎ ഗണേഷ് ജോഷിയെ കണ്ടിരുന്നെങ്കിലും പരിഹാരമായിട്ടില്ല.






