Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ അസോഷ്യേറ്റ് പ്രൊഫസര്‍  നിയമനം: രാഗേഷിന്റെ ഭാര്യയ്ക്ക് യോഗ്യതയില്ല 

തിരുവനന്തപുരം-മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രാഥമിക യോഗ്യത ഇല്ലെന്നു വിവരാവകാശ രേഖ. സെനറ്റ് അംഗം ഡോ.ആര്‍.കെ.ബിജുവിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് പ്രിയയുടെ യോഗ്യതാ വിവരങ്ങളുള്ളത്. പ്രിയ 2019 ലാണു പിഎച്ച്ഡി നേടിയത്. ഡപ്യൂട്ടേഷനില്‍ 2 വര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടറായിരുന്നു. 2021 ജൂണില്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ അധ്യാപക തസ്തികയില്‍ വീണ്ടും പ്രവേശിച്ചു. 2021 ജൂലൈയില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി.
യുജിസി ചട്ട പ്രകാരം അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തിനു പിഎച്ച്ഡിയും 8 വര്‍ഷത്തെ അധ്യാപന പരിചയവും വേണമെന്നിരിക്കെ, പ്രിയയ്ക്ക് പിഎച്ച്ഡി നേടിയശേഷം ഒരു മാസത്തെ അധ്യാപന പരിചയം മാത്രമാണുള്ളതെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും തസ്തികയ്ക്കു നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തിപരിചയമാണു യോഗ്യതയായി പരിഗണിക്കേണ്ടതെന്നു ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 2014 ല്‍ വിധിച്ചിരുന്നു. ഇതു സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്.
അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ പ്രിയ ഉള്‍പ്പെടെ 6 പേരാണുണ്ടായിരുന്നത്. 4 പേര്‍ പിഎച്ച്ഡി നേടിയ ശേഷം 8-13 വര്‍ഷം അധ്യാപന പരിചയമുള്ളവരാണ്. ഇവര്‍ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ, രാജ്യാന്തര ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്റര്‍വ്യൂ ബോര്‍ഡ് ഇവരെ പിന്തള്ളി പ്രിയയ്ക്ക് ഒന്നാം റാങ്ക് നല്‍കിയെന്നാണ് ആരോപണം.
പ്രിയ സമര്‍പ്പിച്ച സാക്ഷ്യപത്രത്തില്‍ 2012 മുതല്‍ 2021 വരെ 9 വര്‍ഷം കേരളവര്‍മ കോളജിലെ അധ്യാപിക ആയിരുന്നുവെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. 3 വര്‍ഷം ഗവേഷണത്തിനു ചെലവഴിച്ചതും 2 വര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡപ്യൂട്ടേഷനിലായിരുന്നതും മറച്ചുവച്ചാണ് ഇതുപറയുന്നതെന്നാണ് ആക്ഷേപം. സര്‍വകലാശാലയില്‍ 2 വര്‍ഷം ഗെസ്റ്റ് അധ്യാപികയുമായിരുന്നു. ചുരുക്കപ്പട്ടികയില്‍ പ്രിയയെ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റാങ്ക് പട്ടികയില്‍നിന്നു പ്രിയയെ നീക്കണമെന്നും ആവശ്യപ്പെട്ട് ചാന്‍സലര്‍ക്കും വൈസ് ചാന്‍സലര്‍ക്കും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി നിവേദനം നല്‍കി.
 

Latest News