Sorry, you need to enable JavaScript to visit this website.

ഒരുമിച്ച് ജീവിച്ചത് 11 ദിവസം, വീട്ടിലേക്ക് പോയ ഭാര്യക്കായി  യുവാവ് കാത്തിരുന്നത് 10 വര്‍ഷം, ഒടുവില്‍ വിവാഹമോചനം

റായ്പൂര്‍-വിവാഹശേഷം 11 ദിവസം ഒരുമിച്ച് ജീവിച്ചതിനു പിന്നാലെ സ്വന്തം വീട്ടിലേയ്ക്ക് പോയ ഭാര്യയ്ക്കായി 10 വര്‍ഷം കാത്തിരുന്ന യുവാവ് ഗതികെട്ട് വിവാഹമോചനം നേടി. ശുഭകരമായ സമയം സന്തുഷ്ടമായ ദാമ്പത്യ ജീവിതം ഉദ്ദേശിച്ചുള്ളതാണെന്നും, ആ മുഹൂര്‍ത്തം ഇതുവരെ വന്നില്ലെന്നും പറഞ്ഞായിരുന്നു വര്‍ഷങ്ങളോളം യുവതി പിരിഞ്ഞിരുന്നത്. ഗതികെട്ട് യുവാവ് വിവാഹ മോചനം തേടി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയുടെ സമീപനം ഒളിച്ചോട്ടത്തിന് തുല്യമാണെന്നും, ഭര്‍ത്താവുമായി അകന്ന് നില്‍ക്കാന്‍ ഇവര്‍ ആചാരത്തെ കൂട്ടുപിടിക്കുകയായിരുന്നുവെന്ന് യുവാവ് ആരോപിച്ചു. ഹര്‍ജി കുടുംബ കോടതി തള്ളിയെങ്കിലും അതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2010 ജൂലൈയിലായിരുന്നു യുവാവിന്റെ വിവാഹം. അദ്ദേഹവും ഭാര്യയും 11 ദിവസം മാത്രമേ ഒരുമിച്ച് താമസിച്ചിട്ടുള്ളൂ. അതിനുശേഷം കുടുംബാംഗങ്ങള്‍ വന്ന് അവളെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ഭാര്യയെ തിരികെ കൊണ്ടുവരാന്‍ രണ്ട് തവണ യുവാവ് ശ്രമിച്ചെങ്കിലും നടന്നില്ല. 'ശുഭകരമായ സമയമല്ല' എന്ന കാരണം പറഞ്ഞ് യുവതി വരാന്‍ തയ്യാറാകാതെ ഇരുന്നതാണ് പ്രതിസന്ധിക്ക് കാരണം.
ഭര്‍ത്താവിനൊപ്പം ചേരാന്‍ താന്‍ തയ്യാറാണെന്നും, ആചാരമനുസരിച്ച് ശുഭകരമായ സമയം ആവശ്യമാണെന്നുമാണ് യുവതിയുടെ വാദം. 'ദുവിരാഗമാന്‍' എന്ന ചടങ്ങിന്റെ സമയത്ത് ഭര്‍ത്താവ് വന്ന് ഭാര്യയെ തിരികെ കൊണ്ടുപോകണമെന്നതായിരുന്നു ഇവരുടെ ആചാരം. എന്നാല്‍ ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ വിവാഹ മോചനം അനുവദിക്കുകയായിരുന്നു.
 

Latest News