റിയാദ്-സൗദി സൂപ്പർ കപ്പ് ഫുട്‌ബോളിൽ ഹിലാലിന് കിരീടം. അൽ ഫൈസലിയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഹിലാൽ തോൽപ്പിച്ചത്. നിശ്ചിത സമയത്തിൽ ഇരുടീമുകളും രണ്ടു വീതം ഗോൾ നേടി സമനിലയിൽ പിരിഞ്ഞതായിരുന്നു. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലുഗോളുകൾക്കാണ് ഹിലാലിന്റെ ജയം. രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമായിരുന്നു ഹിലാലിന്റെ വിജയം. കളിയുടെ പതിനേഴാം മിനിറ്റിൽ മുഹമ്മദ് അൽ അംരി ആദ്യഗോൾനേടി. 24-ാം മിനിറ്റിൽ റൊമൈൻ അമൽഫിതാനോ രണ്ടാമത്തെ ഗോളും നേടി. എന്നാൽ നാൽപതാമത്തെ മിനിറ്റിൽ സാലേം അൽദോസരി ഹിലാലിന് വേണ്ടി ആദ്യഗോൾ നേടി. ആദ്യപകുതിയുടെ അവസാനം ഫൈസലിയുടെ ജൂലിയോ ടവാരെസ് ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ ഫൈസലിയുടെ താളം തെറ്റി. 53-ാം മിനിറ്റിൽ യാസർ അൽ ഷഹറാനി സമനില സ്വന്തമാക്കി. അറുപതാം മിനിറ്റിൽ ഗുൽഹെറിം അഗസറ്റോ ഫൈസലിക്ക് വേണ്ടി വല ചലിപ്പിച്ചെങ്കിലും ഗോൾ അനുവദിച്ചില്ല. നിശ്ചിതസമയത്തും ഇരു ടീമുകളും സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഫൈസിലയുടെ മൂന്നു താരങ്ങൾക്ക് പന്ത് ഷൂട്ടൗട്ടിൽ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഹിലാലിന്റെ രണ്ടുപേരുടെയും ലക്ഷ്യം പിഴച്ചു.