സെക്യൂരിറ്റിക്കാരന് പോക്‌സോ കേസിൽ ആറു വർഷം കഠിന തടവും പിഴയും

തൃശൂർ - പതിനൊന്നുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നാക്രമിച്ച ഫ്‌ളാറ്റിലെ സെക്യൂരിറ്റിക്കാരനെ തൃശൂർ അതിവേഗ സ്‌പെഷ്യൽ കോടതി വിവിധ വകുപ്പുകളിലായി ആറു വർഷം കഠിന തടവിനും '35000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു ഉത്തരവായി.അയ്യന്തോൾ സ്വദേശി നിത്യാനന്ദൻ മകൻ മോഹൻ രാജ് (60) നെയാണ് ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. ഫ്‌ളാറ്റ് വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ലൈംഗിക ചുവയോടെ സമീപിച്ച് ശരീര ഭാഗങ്ങളിൽ പിടിച്ച് അശ്ശീല ഭാഷണം നടത്തിയെന്ന ആരോപണത്തിൽ തൃശൂർ  വെസ്റ്റ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പേടിച്ചോടിയ കുട്ടി വീട്ടിൽ പറയുകയും പോലീസിൽ അറിയിക്കുകയും ചെയ്തു. കേസ്സിലേക്ക് ഫ്‌ളാറ്റ് അസോസിയേഷൻ ഭാരവാഹികളെയും സെക്യൂരിറ്റി ഓഫീസ് ജീവനക്കാരേയും സാക്ഷി ക ളായി വിസ്തരിക്കുകയുണ്ടായി.
പ്രോസിക്യൂഷൻ  ഭാഗത്തുനിന്ന്  14 സാക്ഷികളെയും  19 രേഖകളും ഹാജരാക്കി. പോക്‌സോ നിയമം 9, 10 വകുപ്പ് പ്രകാരം 5 വർഷം കഠിന തടവും 25000 രൂപ പിഴയും അടക്കുന്നതിനും 12 ,11 വകുപ്പുകൾ പ്രകാരം ഒരു വർഷം കഠിന   തടവിനും 10000 രൂപ പിഴയടക്കുന്നതിനുമാണ് വിധി.പിഴയടക്കാത്ത പക്ഷം തടവുശിക്ഷ 4 മാസം കൂടി നീളുന്നതാണ്.
പിഴ  അടച്ചാൽ   തുക  അതിജീവിതക്ക് നൽകണമെന്ന് ഉത്തരവിൽ പരാമർശമുണ്ട്. 2021 ജനുവരിയിലാണ് സംഭവം. ഒരു വർഷത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ് കേസ്  തീർപ്പാക്കിയെന്ന പ്രത്യേക ത കൂടി ഈ ഉത്തരവിനുണ്ട്.
 വെസ്റ്റ് എസ്.ഐ. ചാർജ്ജ് ചെയ്ത് ഇൻസ്‌പെക്ടറായ ശിവശങ്കരൻ കുറ്റപത്രം ബോധിപ്പിച്ച കേസ്സിൽ പ്രോസിക്യൂഷനു വേണ്ടി തൃശൂർ  ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ.പി. അജയ് കുമാർ  ഹാജരായി.

Latest News