കോട്ടയം - മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയത് പ്രതിയായ നീതു ഒറ്റയക്കാണെന്ന് ജില്ലാ പോലീസ് മേധാവി എസ്.പി ഡി.ശിൽപ പറഞ്ഞു. പിന്നിൽ മറ്റുറാക്കറ്റുകളോ ഒന്നും തന്നെയില്ല. വ്യക്തിപരമായ ചില കാര്യങ്ങൾക്ക് വേണ്ടിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. അത് എന്താണെന്ന് ഇപ്പോൾ പറയാനാവില്ലെന്നും യുവതിയുടെ മൊഴികളിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്് തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് ബന്ധമില്ല. മെഡിക്കൽ കോളജിനു സമീപത്തുളള ഹോട്ടലിൽ ദിവസങ്ങളായി സ്വന്തം കുട്ടിക്കൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു നീതു. ഇവിടേക്കാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നും പോലീസ് മേധാവി പറഞ്ഞു.
കുട്ടികളെ തട്ടിയെടുക്കുന്ന റാക്കറ്റ്് പ്രവർത്തിക്കുന്നതായി മന്ത്രി വി.എൻ വാസവൻ ആരോപിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും മോഷണം പോയ കുട്ടിയെ ഒന്നര മണിക്കൂറിനുള്ളിൽ കണ്ടെത്താനായി. വൈകുന്നേരം മൂന്നു മണിയോടെയാണ് ഗൈനക്കോളജി വാർഡിൽ നിന്നും നഴ്സിന്റെ വേഷത്തിലെത്തിയ യുവതി കുട്ടിയുമായി കടന്നത്. അരമണിക്കൂറോളം കഴിഞ്ഞാണ് കുട്ടിയെ മോഷ്ടിച്ചതാണ് എന്ന വിവരം ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത്. ഏതാണ്ട് നാലു മണിയോടെ മാത്രമാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം പോലീസിന് കൈമാറിക്കിട്ടുന്നത്. ജില്ലയിലെയും, മെഡിക്കൽ കോളേജ് അതിർത്തിയിലെയും എല്ലാ പോലീസ് സ്റ്റേഷനിലേയ്ക്കും പോലീസ് സന്ദേശം അയച്ചു
ഏറ്റുമാനൂരിലും, കോട്ടയം നഗരത്തിലും അടക്കം പോലീസ് സംഘം ഉണർന്നു. മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ എല്ലാം റോഡിൽ തടഞ്ഞു നിർത്തി പോലീസ് സംഘം പരിശോധിച്ചു. മെഡിക്കൽ കോളേജ് പരിസരത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും, ആംബുലൻസ് ഡ്രൈവർമാർക്കും, നാട്ടുകാർക്കും മെഡിക്കൽ ഷോപ്പ് ജീവനക്കാർക്കും അടക്കം പൊലീസിന്റെ സന്ദേശം ഈ സമയം കൊണ്ട് എത്തിയിരുന്നു. ജില്ലാ പോലീസിന്റെയും, ഗാന്ധിനഗർ പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും തങ്ങളുടെ ബന്ധങ്ങൾ ഉപയോഗിച്ച് തെരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ കുഞ്ഞിനെ കവർന്ന യുവതി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു നൂറു മീറ്ററുകൾ മാത്രം അകലെയുള്ള പാർക്ക് ഹോട്ടലിനുള്ളിലേക്ക് യുവതി കയറി. കുഞ്ഞുമായി രക്ഷപെടാൻ തൽക്കാലം കഴിയില്ലെന്നു മനസിലായതോടെയാണിതെന്നു കരുതുന്നു. ഒരു ഓട്ടോഡ്രൈവർ യുവതിയെ കണ്ടതോടെ വിവരം പോലീസിനു കൈമാറി. പോലീസ് സ്ഥലത്ത് എത്തി യുവതിയെ പിടികൂടി. കുട്ടിയെ കയ്യിൽ വാങ്ങിയ പോലീസ് കുഞ്ഞിനെ രക്ഷിതാക്കൾക്കു നൽകി.