കാനോൺ ഡി.എസ്.എൽ.ആർ ക്യാമറകളുടെ നിർമാണം നിർത്തുന്നു

ആഗോള ക്യാമറ ബ്രാൻഡായ കാനോൺ ഡി.എസ്.എൽ.ആർ ക്യാമറകളുടെ നിർമാണം നിർത്തുന്നു. കാനോൺ 1ഡി എക്‌സ് മാർക്ക് III ആണ് തങ്ങളുടെ അവസാനത്തെ ഡി.എസ്,എൽ.ആർ ക്യാമറയെന്ന് കമ്പനി സ്ഥിരീകരിച്ചു. മിറർലസ് ഡി.എസ്.എൽ.ആർ ക്യാമറകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ തീരുമാനം. അതിനാൽ മുൻനിര ഡി.എസ്.എൽ.ആർ ക്യാമറകൾ ഇനി നിർമിക്കില്ലെന്ന് കാനൻ വ്യക്തമാക്കി. മുൻനിര ഡി.എസ്.എൽ.ആറുകളുടെ ഉൽപാദനം ഏതാനും വർഷങ്ങൾക്കുള്ളിൽ അവസാനിപ്പിക്കുമെന്ന് ജാപ്പനീസ് പത്രമായ യോമിയുരി ഷിംബനു നൽകിയ അഭിമുഖത്തിൽ സി.ഇ.ഒ ഫുജിയോ മിതാരായ് നേരത്തെ പറഞ്ഞിരുന്നു. 'കാനണിന്റെ എസ്.എൽ.ആർ മുൻനിര മോഡൽ ആദ്യത്തേത് 1989 ലാണ് പ്രത്യക്ഷപ്പെട്ടത്. 2020 ൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ മോഡൽ ആയിരിക്കും യഥാർത്ഥത്തിൽ അവസാന മോഡൽ. വിപണി ആവശ്യങ്ങൾ മിറർലസ് ക്യാമറകളിലേക്ക് അതിവേഗം മാറുകയാണ്. ഇതിന് അനുസൃതമായി തങ്ങളും മാറുന്നു. തുടക്കക്കാർക്കും ഇന്റർമീഡിയറ്റ് എസ്.എൽ.ആർ ക്യാമറകൾക്കുമുള്ള ആവശ്യം വിദേശത്ത് ശക്തമാണ്. അതിനാൽ തൽക്കാലം വികസനവും ഉൽപാദനവും തുടരാൻ ഞങ്ങൾ പദ്ധതിയിടുന്നു' -അദ്ദേഹം പറഞ്ഞു.
ജനുവരിയിൽ കാനൻ 1ഡി എക്‌സ് മാർക്ക് ഏകദേശം 4,84,789 രൂപക്ക് പുറത്തിറക്കിയതാണ്. പ്രൊഫഷണൽ ഫോട്ടോഗ്രഫർമാർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന മുൻനിര ക്യാമറയാണിത്. കമ്പനി ഡി.എസ്.എൽ.ആർ ക്യാമറകൾ നിർമിക്കുന്നത് നിർത്തുമെന്നും എന്നാൽ മാർക്ക് പോലുള്ള മുൻനിര ഡി.എസ്.എൽ.ആർ ക്യാമറകൾ നിർമിക്കുമെന്നും കാനൻ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മിറർലസ് ഡി.എസ്.എൽ.ആർ ക്യാമറകൾ നിർമിക്കുന്നതിൽ മാത്രമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതെന്ന് വക്താവ് പറഞ്ഞു. കാനോൺ മുൻനിരയുടെ ഉൽപാദനം എപ്പോൾ അവസാനിപ്പിക്കുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിക്കോണും മിറർലസ് ക്യാമറകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മുൻനിര ഡി.എസ്.എൽ.ആർ ക്യാമറകളുടെ നിർമാണം അവരും നിർത്തി. ഇത് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെന്നു മാത്രം. നിക്കോണും മുൻനിര ഡി.എസ.്എൽ.ആർ ക്യാമറകൾക്ക് പകരം മിറർലസ് ക്യാമറകൾ മാത്രമേ ഇപ്പോൾ പുറത്തിറക്കുന്നുള്ളൂ.

Latest News