ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് പുതിയ ഇലക്ട്രിക് കാർ അവതരിപ്പിച്ചു. ലാസ് വെഗാസിൽ നടക്കുന്ന ടെക് ഷോയിലാണ് മെഴ്സിഡസ് ബെൻസ് വിഷൻ കൺസെപ്റ്റ് അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും എയറോഡൈനാമിക് കാറാണ് വിഷൻ ഇക്യൂ.എക്സ്.എക്സ്. ഒരു തവണ ചാർജ് ചെയ്താൽ 1000 കിലോമീറ്റർ റേഞ്ച് മെഴ്സിഡസ് ബെൻസ് വിഷൻ ഇക്യൂ.എക്സ്.എക്സ് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ കാലത്തെ സാങ്കേതിക വിദ്യയും മെറ്റീരിയലുകളും വാഹനത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് മെഴ്സിഡസ് ബെൻസ് വ്യക്തമാക്കി. ഇവി സെഡാൻ മേൽക്കൂരയിൽ സോളാർ പാനലുകളുമായാണ് എത്തുന്നത്. പോർഷെ ടെയ്കാൻ, ഓഡി ഇട്രോൺ ജിടി, ടെസ്ല റോഡ്സ്റ്റാർ തുടങ്ങിയ ആഡംബര ഇലക്ട്രിക് വാഹനങ്ങളോട് മത്സരിക്കുന്ന ഒരു സ്പോർട്ടി, സ്ലിക്ക്, ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് മെഴ്സിഡസ് എത്തുന്നത്. ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി മൂന്ന് ഇ.വി ഡിസൈനുകൾ വികസിപ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. സ്വന്തമായി ബാറ്ററികൾ ഉൽപാദിപ്പിക്കുന്നതിന് എട്ട് ഫാക്ടറികൾ സ്ഥാപിക്കാനും മെഴ്സിഡെസ് ബെൻസ് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഫാക്ടറികളിൽ ഒന്ന് അമേരിക്കയിലാണ്. നാല് എണ്ണം യൂറോപ്പിലെ മറ്റു പങ്കാളികളുമായി ചേർന്ന് നിർമിക്കും. നിലവിൽ ഒറ്റ ചാർജിൽ 770 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഇക്യൂ.എസ് ആണ് മെഴ്സിഡസ് ബെൻസിന്റെ ഏറ്റവും മികച്ച ഇലക്ട്രിക് വാഹനം. ഇക്യൂ.എസിൽ നൽകിയിട്ടുള്ള ബാറ്ററിയേക്കാൾ ഉയർന്ന ശേഷിയുള്ള ബാറ്ററിയാണ് പുതിയ മോഡലിന് നൽകിയിരിക്കുന്നത്. ഇത് 20 ശതമാനം അധികം പവർ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.






