'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരം അപേക്ഷകളുമായി കേന്ദ്രത്തെ സമീപിച്ച ആപ്പിളിന് മുന്നിൽ പുതിയ നിർദേശം വെച്ച് കേന്ദ്ര സർക്കാർ. അടുത്ത അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ രാജ്യത്ത് നിന്നും 5000 കോടി ഡോളർ എങ്കിലും വിലമതിക്കുന്ന ആപ്പിൾ ഉൽപന്നങ്ങൾ നിർമിക്കാൻ നീക്കം നടത്തണമെന്നാണ് കേന്ദ്രം ടെക് ഭീമനായ ആപ്പിളിനോട് പറഞ്ഞിരിക്കുന്നത്. ആപ്പിൾ, ഇന്ത്യ ഗവൺമെന്റ് ചർച്ച അടുത്തിടെയാണ് നടന്നത്. പ്രധാന മന്ത്രാലയങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യയിൽ എമ്പാടും 10 ലക്ഷം തൊഴിൽ ഉണ്ടാക്കുവാൻ ആപ്പിളിന് സാധിക്കുമെന്നാണ് യോഗത്തിൽ ആപ്പിൾ പ്രതീക്ഷ പ്രകടിപ്പിച്ചത്.
കഴിഞ്ഞ 20 വർഷത്തോളമായി ആപ്പിളിന്റെ സാന്നിധ്യം ഇന്ത്യയിലുണ്ടെന്നും 2017 ൽ ആപ്പിൾ ഫോൺ നിർമാണ യൂനിറ്റ് ബംഗളൂരുവിൽ ഉണ്ടാക്കിയതിന് ശേഷം ഇത് ശക്തമായി എന്നാണ് ആപ്പിൾ വൈസ് പ്രസിഡന്റ് പ്രൊഡക്ട് ഓപറേഷൻ പ്രിയ ബാലസുബ്രഹ്മണ്യം പറയുന്നത്. പിന്നീട് ചെന്നൈയിലും നിർമാണ യൂനിറ്റ് ആരംഭിച്ചു. ഇവിടെ നിർമിക്കുന്ന ഐഫോൺ അന്താരാഷ്ട്ര വിപണിയിൽ അടക്കം കയറ്റി അയക്കുന്നുണ്ട്.






