അല്‍മാത്തി- ഇന്ധന വില വര്‍ധനയ്‌ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം നടക്കുന്ന കസഖ്സ്ഥാനില്‍ സമരക്കാര്‍ പ്രസിഡന്റിന്റെ വസതിക്കു തീയിട്ടു. മേയറുടെ ഓഫീസിനും തീയിട്ടു. തീവച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കു നേരെ പോലീസ് വെടിവച്ചതായും റിപോര്‍ട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അല്‍മാത്തിയില്‍ പോലീസും പ്രക്ഷോഭകരും തമ്മില്‍ പോരാട്ടം രൂക്ഷമായിരിക്കുകയാണ്. തണുപ്പേറിയ കാലാവസ്ഥയിലും പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡുകളും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിടുന്നത്.
പ്രക്ഷോഭത്തില്‍ എട്ടു പോലീസ് ഓഫീസര്‍മാരും ദേശീയ സുരക്ഷാ ഗാര്‍ഡുകളും കൊല്ലപ്പെട്ടതായും 300 പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട പ്രക്ഷോഭകരുടെ കൃത്യമായ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് കാസിംയോമാര്‍ത് തൊകയേവ് കടുത്ത നടപടികളാണ് സ്വീകരിച്ചു വരുന്നത്. രാജ്യത്തുടനീളം രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.