പാരീസ്- ഓണ്‍ലൈന്‍ ഉപയോക്താക്കളെ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന കുക്കീസ് ഉപയോഗിച്ചതിന്റെ പേരില്‍ ഗൂഗിളിനും ഫേസ്ബുക്കിനും ഫ്രഞ്ച് അധികൃതര്‍ 210 ദശലക്ഷം യൂറോ പിഴ ചമുത്തി.
സാങ്കേതിക രംഗത്തെ യു.എസ് ഭീമന്മാര്‍ യൂറോപ്പില്‍ തുടരുന്ന ബിസിനസ് രീതികള്‍ക്കെതിരെ സമ്മര്‍ദം തുടരുന്നതിനിടെയാണ് ഗൂഗളിനും ഫേസ്ബുക്കിനും വന്‍ തുക പിഴ വിധിച്ചിരിക്കുന്നത്. ആപ്പിളും ആമസോണുമടക്കം യു.എസ് കമ്പനികള്‍ വലിയ സമ്മര്‍ദമാണ് നേരിടുന്നത്.
ഫ്രാന്‍സിലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഫ്രീഡം (സി.എന്‍.ഐ.എല്‍) 150 ദശലക്ഷം യൂറോയാണ് ഗൂഗിളിന് പിഴ ചുമത്തിയിരിക്കുന്നത്. 2020 ഡിസംബറിലും കുക്കീസുമായ ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഗൂഗിളിന് 100 ദശലക്ഷം യൂറോ പിഴ വിധിച്ചിരുന്നു.
ഫേസ്ബുക്കിന് 60 ദശലക്ഷം യൂറോയാണ് പിഴ.
ഫേസ്ബുക്ക്, ഗൂഗിള്‍, യുട്യൂബ് എന്നിവ കുക്കീസ് നിരാകരിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നില്ലെന്നും സ്വീകരിക്കാന്‍ നിര്‍ബന്ധിതമാണെന്നും സി.എന്‍.ഐ.എല്‍ വ്യക്തമാക്കി.