ഇന്ത്യയില്‍ കോവിഡ് കുതിക്കുന്നു, പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിലേക്ക്

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു. 24 മണിക്കൂറിനിടെ 90,928 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഒറ്റ ദിവസം കൊണ്ട് 55 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

6.43 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 325  മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,82,876 ആയി ഉയര്‍ന്നു.24 മണിക്കൂറിനിടെ, 19,206 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.81 ശതമാനമാണ്. നിലവില്‍ 2,85,401 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനമാണ്.

ഇതുവരെ 148.67 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 26,538 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ 14,022 പേര്‍ക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ദല്‍ഹിയില്‍ 10,665 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. 

വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest News