Sorry, you need to enable JavaScript to visit this website.

മിഷണറീസ് ഓഫ് ചാരിറ്റക്ക് കൈത്താങ്ങുമായി നവീന്‍ പട്‌നായിക്, 79 ലക്ഷം ധനസഹായം

ന്യൂദല്‍ഹി- വിദേശ സംഭാവന സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റക്ക് കൈത്താങ്ങുമായി എത്തിയ ഒഡീഷയിലെ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന് നന്ദി പറഞ്ഞ് സന്യാസിനി സമൂഹം. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ കേന്ദ്രം പുതുക്കി നല്‍കാതിരുന്നതിനെ തുടര്‍ന്ന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഒഡീഷ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഒഡീഷയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ 13 സ്ഥാപനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 78.76 ലക്ഷം രൂപ നല്‍കുമെന്ന് ഇന്നലെ ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിനും കരുതലിനും ഭുവനേശ്വറിലെ മിഷണറീസ് ഓഫ് ചാരിറ്റി കേന്ദ്രം നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുടെ പിന്തുണക്ക് അകമഴിഞ്ഞ നന്ദിയുണ്ട്. ആരോടും ധനസഹായം ചോദിച്ചിരുന്നില്ല. എന്നാല്‍, നിരവധി ആളുകള്‍ സ്വമനസാലെ തങ്ങളുടെ സേവന സന്നദ്ധതയും നിലവിലെ നിസഹായതയും കണ്ടറിഞ്ഞു സഹായങ്ങള്‍ എത്തിക്കുന്നുണ്ടെന്ന് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഒഡീഷയുടെ ചുമതലയുള്ള സിസ്റ്റര്‍ സ്റ്റാനി റോസ് പറഞ്ഞു.
ഒഡീഷയിലെ എട്ടു ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ 13 സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് മരുന്നും ഭക്ഷണവും ഉള്‍പ്പടെ മതിയായ സഹായം ലഭിച്ചു എന്ന് ഉറപ്പു വരുത്തണമെന്നും നവീന്‍ പട്‌നായിക് ജില്ലാ അധികൃതകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാഥാലയങ്ങളും കുഷ്ഠരോഗ പരിപാലന കേന്ദ്രങ്ങളുമാണ് ഒഡീഷയില്‍ എം.ഒ.സിയുടെ സ്ഥാപനങ്ങള്‍. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ ദുരിതാശ്വാസ നിധിയില്‍നിന്ന് എത്ര തുക വേണമെങ്കിലും വിനിയോഗിക്കാന്‍ നവീന്‍ പട്‌നായിക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചത്. വിഷയത്തില്‍ പരിഹാരം ഉണ്ടാകുന്നത് വരെ വിദേശ സംഭാവനകള്‍ ഉള്ള ബാങ്ക് അക്കൗണ്ടുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിപ്പിക്കരുതെന്ന് മിഷണറീസ് ഓഫ് ചാരിറ്റി തന്നെ തങ്ങളുടെ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

 

 

Latest News