Sorry, you need to enable JavaScript to visit this website.

സൗദിയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് പ്രവേശനം നൽകിയാൽ 10,000 റിയാൽ പിഴ

റിയാദ് - ഫെബ്രുവരി ഒന്നു മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് പ്രവേശനം നൽകുന്ന ടൂറിസം മേഖലാ സ്ഥാപനങ്ങൾക്ക് 10,000 റിയാൽ തോതിൽ പിഴ ചുമത്തുമെന്ന് ടൂറിസം മന്ത്രാലയം പറഞ്ഞു. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. നിയമ ലംഘനം വീണ്ടും ആവർത്തിക്കുന്ന സ്ഥാപനങ്ങൾ അടപ്പിക്കുമെന്നും ടൂറിസം മന്ത്രാലയം പറഞ്ഞു.
ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവ അടക്കമുള്ള ടൂറിസം സ്ഥാപനങ്ങളിലേക്ക് പ്രവേശനം നൽകാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന വ്യവസ്ഥ ഫെബ്രുവരി ഒന്നു മുതൽ നിലവിൽവരും. പതിനെട്ടും അതിൽ കൂടുലും പ്രായമുള്ള വിഭാഗങ്ങളിൽ പെട്ട, രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം പിന്നിട്ടവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് തവക്കൽനാ ആപ്പിൽ പ്രത്യക്ഷപ്പെടുന്നത് തുടരാൻ ഫെബ്രുവരി ഒന്നു മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കൽ നിർബന്ധമാണ്. ടൂറിസം കമ്പനികളിലേക്കും ഹോട്ടലുകളിലേക്കും ടൂറിസം മന്ത്രാലയ ആസ്ഥാനത്തേക്കും മന്ത്രാലയത്തിനു കീഴിലെ മറ്റു അതോറിറ്റികളിലേക്കും പ്രവേശിക്കാൻ പ്രവേശന കവാടങ്ങളിൽ പതിച്ച, തവക്കൽനാ ആപ്പുമായി ബന്ധിപ്പിച്ച ബാർകോഡ് സ്‌കാൻ ചെയ്ത് ആരോഗ്യനില ഓട്ടോമാറ്റിക് രീതിയിൽ പരിശോധിക്കുന്ന സംവിധാനം ബാധകമാക്കും. എല്ലാവരും ബാർകോഡ് സ്‌കാൻ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിരീക്ഷികരെ നിയോഗിക്കേണ്ടിവരും. ഇക്കാര്യങ്ങളെല്ലാം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ആദ്യ തവണ 10,000 റിയാൽ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്നതിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴയും അടപ്പിക്കലും ശിക്ഷ ലഭിക്കുമെന്നും ടൂറിസം മന്ത്രാലയം പറഞ്ഞു.
 

Latest News