കണ്ണൂർ - മാവേലി എക്‌സ്പ്രസിൽ എ.എസ്.ഐ.യുടെ മർദനത്തിനിരയായ കൂത്തുപറമ്പ് നീർവേലി സ്വദേശി പൊന്നൻ ഷമീർ പിടിയിലായി. കോഴിക്കോട് ലിങ്ക് റോഡിൽ വെച്ച് പിടിയിലായ ഇയാളെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു.
''താൻ മദ്യലഹരിയിലായിരുന്നുവെന്നും, നടന്നതൊന്നും തനിക്ക് ഓർമ്മയില്ലെന്നും 'ഷമീർ, കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 'മാഹിയിൽ നിന്നാണ് തീവണ്ടിയിൽ കയറിയത്. ടിക്കറ്റ് എടുത്തിരുന്നു. റിസർവേഷൻ കമ്പാർട്ട്‌മെൻറിലാണോ കയറിയതെന്ന് അറിയില്ല. ട്രെയിനിനകത്ത് നടന്ന സംഭവങ്ങളൊന്നും തന്നെ ഓർമ്മയില്ല. ഉറക്കം ഉണർന്നപ്പോൾ താൻ വടകര സ്റ്റേഷനിലാണ് ഉണ്ടായിരുന്നത്. വൈകുന്നേരം വരെ വടകരയിലുണ്ടായിരുന്നു പിന്നീട് തീവണ്ടിയിൽ കയറി കോഴിക്കോട് പോയി.'- ഷമീർ പറഞ്ഞു.
തീവണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥൻ തന്നെ അടിച്ചുവോ ചവിട്ടിയോ എന്ന കാര്യമൊന്നും ഓർമയില്ല. ഇതു സംബന്ധിച്ച് പരാതിയുമില്ല. ഹോട്ടൽ ജോലി ചെയ്ത് ജീവിക്കുന്നയാളാണ് താൻ. തനിക്ക് മറ്റൊന്നുമറിയില്ല.' ഷമീർ പറഞ്ഞു. ഷമീറിനെ പിന്നീട് റെയിൽവെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ പേരിൽ വാറണ്ട് നിലവിലുള്ളതിനാൽ പോലീസിന് കൈമാറും. തീവണ്ടിയിലെ മർദ്ദനവുമായി ബന്ധപ്പെട്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും മനുഷ്യാവകാശ കമ്മീഷൻ അടക്കം സംഭവത്തിൽ റിപോർട്ട് തേടിയിട്ടുണ്ട്. ക്രിമിനൽ കേസുകളിലടക്കം പ്രതിയായ ഷമീറിനെ ഇന്നലെ രാവിലെ കോഴിക്കോട് ലിങ്ക് റോഡിൽ വെച്ചാണ് റെയിൽവെ എസ്.ഐ ജംഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ലിങ്ക് റോഡിലെ ഒരു കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്നു ഇയാൾ.
കൂത്തുപറമ്പ് സ്വദേശിയായ പൊന്നൻ ഷമീർ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസമെന്നും പീഡനക്കേസിലടക്കം പ്രതിയാണെന്നും പോലീസ് പറയുന്നു. ഷമീറിനെതിരേ മാല പൊട്ടിക്കൽ, ഭണ്ഡാര കവർച്ച തുടങ്ങിയ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ചില കേസുകളിൽ ഇയാൾ മൂന്നു വർഷത്തോളം ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മദ്യലഹരിയിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എ.എസ്.ഐ. ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇയാൾ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ടായിരുന്നു. സംഭവം വിവാദമായതോടെയാണ് മർദനത്തിനിരയായ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചത്. ആരാണെന്ന് മനസ്സിലാകാതെ ട്രെയിനിൽ നിന്ന് ഇറക്കി വിട്ട ഇയാൾക്ക് വേണ്ടി കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു.