Sorry, you need to enable JavaScript to visit this website.

കേന്ദ്രം വിദേശ ഫണ്ട് തടഞ്ഞ മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഒഡീഷ മുഖ്യമന്ത്രി 78 ലക്ഷം അനുവദിച്ചു

ഭുവനേശ്വര്‍- വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്ക സന്നദ്ധ സംഘടനയ്ക്ക് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് 78.76 ലക്ഷം രൂപ സഹായധനമായി അനുവദിച്ചു. മിഷനറീസ് ഓഫ് ചാറ്റി സംസ്ഥാനത്ത് നടത്തിവരുന്ന 13 സ്ഥാപനങ്ങള്‍ക്ക് ഈ ഫണ്ട് സഹായകമാകും. ഈ സ്ഥാപനങ്ങളില്‍ കഴിയുന്ന അന്തേവാസികള്‍ പ്രയാസം നേരിടുന്നില്ല എന്നുറപ്പാക്കാന്‍ നേരത്തെ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ സ്ഥാപനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും മുഖ്യമന്ത്രി കലക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു. ഇവിടങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും വൈദ്യ സഹായവും മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. 

മുഖ്യമന്ത്രിയുടെ അറിയിപ്പ് ലഭിച്ചതനുസരിച്ച് കലക്ടര്‍മാര്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

1974 മുതല്‍ മിഷനറീസ് ഓഫ് ചാരിറ്റി ഒഡീഷയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികള്‍ക്കും വയോജനങ്ങള്‍ക്കുമായി ഒമ്പത് അഭയകേന്ദ്രങ്ങളും കുട്ടികളുടെ ആറ് അഭയ കേന്ദ്രങ്ങളും കുഷ്ഠ രോഗികളുടേയും മാനസിക രോഗികളുടേയും ചികിത്സയ്ക്കു വേണ്ടി മൂന്ന് കേന്ദ്രങ്ങളുമാണ് ഒഡീഷയില്‍ പ്രവര്‍ത്തിച്ചു വരുന്നത്.
 

Latest News