Sorry, you need to enable JavaScript to visit this website.

ഗതാഗത രംഗത്ത് 45,000 സൗദികൾക്ക് തൊഴിൽ ലഭ്യമാക്കും -ഗതാഗത മന്ത്രി

ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രി എൻജി. സ്വാലിഹ് അൽജാസിർ ഗതാഗത, ലോജിസ്റ്റിക് സർവീസ് മേഖലയിലെ പ്രഥമ വെർച്വൽ റിക്രൂട്ട്‌മെന്റ് ഫെയർ ഉദ്ഘാടനം ചെയ്യുന്നു.

ട്രെയിൻ എൻജിൻ ഡ്രൈവർമാരായി സൗദി യുവതികൾക്ക് പരിശീലനം

റിയാദ് - ഈ വർഷം ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിൽ 45,000 സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതായി ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രി എൻജി. സ്വാലിഹ് അൽജാസിർ പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക് സർവീസ് മേഖലയിലെ പ്രഥമ വെർച്വൽ റിക്രൂട്ട്‌മെന്റ് ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്‌ലിജ്, പൊതുഗതാഗത അതോറിറ്റി പ്രസിഡന്റും ഗതാഗത, ലോജിസ്റ്റിക് സേവന മേഖലാ സൗദിവൽക്കരണ കമ്മിറ്റി പ്രസിഡന്റുമായ ഡോ. റുമൈഹ് അൽറുമൈഹ്, ഡെപ്യൂട്ടി ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രി എൻജി. ബദ്ർ അൽദലാമി എന്നിവരും ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും വൻകിട കമ്പനി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. 
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മാസങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച ദേശീയ ഗതാഗത, ലോജിസ്റ്റിക് സേവന തന്ത്രം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ മുഖ്യ പരിഗണന നൽകുന്നു. സൗദിവൽക്കരണ ശ്രമങ്ങൾക്ക് ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രാലയവും അനുബന്ധ വകുപ്പുകളും നൽകുന്ന പിന്തുണയുടെയും ശക്തമായ പ്രതിബദ്ധതയുടെയും തുടർച്ചയെന്നോണവും ദേശീയ ഗതാഗത, ലോജിസ്റ്റിക് സർവീസസ് തന്ത്രം ലക്ഷ്യങ്ങൾ നേടാനുമാണ് വെർച്വൽ റിക്രൂട്ട്‌മെന്റ് ഫെയർ സംഘടിപ്പിക്കുന്നത്. ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിൽ ഈ വർഷം 20,000 തൊഴിലവസരങ്ങൾ കൂടി ലഭ്യമാക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സൗദിവൽക്കരണ ശ്രമങ്ങളിലൂടെ വർഷാവസാനത്തോടെ 45,000 സ്വദേശി, യുവതീയുവാക്കൾക്ക് ഈ മേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 
ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കൽ, നൂതന ഗതാഗത സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട ഭാവി തൊഴിലുകൾ, ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിൽ ഫ്രീലാൻസും ബിസിനസ് സംരംഭകത്വവും പ്രോത്സാഹിപ്പിക്കൽ, ട്രക്ക് ഡ്രൈവർമാർ എന്നീ നാലു തലങ്ങളിലാണ് സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രാലയവും അനുബന്ധ വകുപ്പുകളും പ്രവർത്തിക്കുന്നത്. ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിൽ സ്വദേശികൾക്ക് തൊഴിവലസരങ്ങൾ ലഭ്യമാക്കാൻ പരിശീലന പ്രോഗ്രാമുകൾ വിപുലമാക്കും. 
വെർച്വൽ റിക്രൂട്ട്‌മെന്റ് ഫെയറിൽ 5,000 ത്തിലേറെ തൊഴിലവസരങ്ങൾ മുന്നോട്ടു വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിൽ ദാതാക്കൾക്കും ഉദ്യോഗാർഥികൾക്കുമിടയിൽ ആശയ വിനിമയത്തിന് അവസരമൊരുക്കാനാണ് ഫെയറിലൂടെ ലക്ഷ്യമിടുന്നത്. ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ സൗദിവൽക്കരണത്തിന് കഴിഞ്ഞ മാസങ്ങളിൽ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 
ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, മാനവശേഷി വികസന നിധി, ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് എന്നിവ സഹകരിച്ച് ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പാക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. പദ്ധതിയിൽ ശേഷിക്കുന്ന ലക്ഷ്യം വരും മാസങ്ങളിൽ പൂർത്തിയാക്കും. 
ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിൽ യോഗ്യരായ സ്വദേശി ജീവനക്കാരെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ലോജിസ്റ്റിക് അക്കാദമി ആരംഭിച്ചു. അക്കാദമിയിൽ നിന്നുള്ള ആദ്യ ബാച്ച് ആഴ്ചകൾക്കുള്ളിൽ പുറത്തിറങ്ങും. ഈ മേഖലയിലെ തൊഴിലുകൾ സ്വീകരിക്കുന്നതിന് സ്വദേശികളെ പ്രാപ്തരാക്കി മാറ്റാൻ ലോജിസ്റ്റിക് അക്കാദമി നാലു പ്രോഗ്രാമുകൾ നടപ്പാക്കും. അക്കാദമി വൈകാതെ ജിദ്ദയിൽ ശാഖ ആരംഭിക്കും. 
 സൗദി റെയിൽവേ പോളിടെക്‌നിക് പോലെ ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിൽ ഒരു കൂട്ടം ഇൻസ്റ്റിറ്റിയൂട്ടുകൾ നേരത്തെ തന്നെ പ്രവർത്തിക്കുന്നുണ്ട്. ട്രെയിൻ എൻജിൻ ഡ്രൈവർമാരായി സൗദി യുവതികൾക്ക് പരിശീലനവും നിയമനവും നൽകാൻ തീരുമാനിച്ചതായി സൗദി റെയിൽവേ പോളിടെക്‌നിക് കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ടെന്നും എൻജി. സ്വാലിഹ് അൽജാസിർ പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിൽ പ്രവർത്തിക്കുന്ന 60 കമ്പനികൾ ഫെയറിൽ പങ്കെടുക്കുന്നുണ്ട്. 

 

Latest News