Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

കോഴിക്കോടിന് ഉത്സവമായി  ബേപ്പൂർ ഫെസ്റ്റ് 

വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്  ഉദ്ഘാടന വേദിയിൽ സംസാരിക്കുന്നു. 

കേരളത്തിൽ ഏറ്റവും ആളുകൾ കൂടുന്ന ആഘോഷങ്ങളിലൊന്നാണ് തൃശൂർ പൂരം. ഇതിനോട് കിടപിടിക്കാവുന്ന ജനകീയ സംഗമത്തിന് വേദിയൊരുങ്ങുകയാണ് കോഴിക്കോട് ബേപ്പൂരിൽ. ഡിസംബർ അവസാന വാരത്തിൽ ബേപ്പൂർ വേദിയായ ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഒരു തുടക്കമാണ്. കോവിഡ് പ്രതിസന്ധി മാറുന്നതോടെ കേരളത്തിലെ ടൂറിസം ഭൂപടത്തിൽ ഇത് സ്ഥാനം പിടിക്കുമെന്നതിൽ സംശയമില്ല. സംസ്ഥാന പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക താൽപര്യമെടുത്താണ് ബേപ്പൂരിന് ഉത്സവം സമ്മാനിച്ചത്. 
ബേപ്പൂരിലെ ഓരോ പൗരന്റെയും കൈകളിലേക്ക് ടൂറിസത്തിന്റെ അനന്തമായ സാധ്യതകൾ എത്തിച്ചേരുന്നതിന്റെ തുടക്കമാണിത്. ഏതൊരു സാധാരണക്കാരനും പങ്കാളികളാവാൻ അവസരം ലഭിക്കുന്ന വലിയൊരു പദ്ധതിയാണ്  സർക്കാരും ടൂറിസം വകുപ്പും ഒരുക്കുന്നത്. 


അന്യം നിന്നുപോയ കലാരൂപങ്ങളെ നവീകരിക്കുന്നതിനും അവയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനും ഭക്ഷ്യ വൈവിധ്യങ്ങൾ,  ജീവിതക്രമങ്ങൾ എന്നിവ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനുമുള്ള അവസരമാണ് ടൂറിസത്തിലൂടെ സാധ്യമാവുന്നത്. 
ഒരു ജലകായികമേള എന്നതിനപ്പുറം കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും കുടുംബങ്ങൾ ആവേശപൂർവം ഏറ്റെടുത്ത ഒരു ഉത്സവമായി മാറി. കോവിഡ് കാലം നഷ്ടമാക്കിയ ഇത്തരം ഉത്സവങ്ങളും ഒത്തുചേരലുകളും തിരിച്ചുകൊണ്ടുവരാൻ ഇത് വഴിയൊരുക്കി. 
മലബാറിലെ രുചിവൈവിധ്യങ്ങൾ വിളമ്പിയ ഭക്ഷ്യമേളയും ഫെസ്റ്റിന് കൊഴുപ്പേറി. 


കരുത്തും ആവേശവും ചേർന്ന് തുഴപിടിച്ച നാടൻ തോണികളുടെ തുഴച്ചിൽ മത്സരം ബേപ്പൂരിന്റെ ഓളപ്പരപ്പിൽ മിന്നുന്ന പ്രകടനമായി. ബേപ്പൂർ വാട്ടർ ഫെസ്റ്റിലെ ആദ്യ മത്സര ഇനമായ തദ്ദേശീയർക്കായുള്ള ഡിങ്കി ബോട്ട് റേസ് കാണികളിൽ ആവേശം തീർത്തു. മത്സരത്തിൽ സിദ്ദീഖ്, അബ്ദുൽ ഗഫൂർ തുഴഞ്ഞ ബോട്ട് ഒന്നാം സ്ഥാനത്തെത്തി. സഹീർ അലി, ഷറഫുദ്ദീൻ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
രണ്ടു പേരടങ്ങുന്ന 24 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ആറു ടീമുകളെ പങ്കെടുപ്പിച്ച് 4 റൗണ്ടുകളിലായിരുന്നു മത്സരം. 400 മീറ്റർ ട്രാക്കിലാണ് മത്സരം നടന്നത്. ഓരോ റൗണ്ടിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് ഫൈനൽ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പങ്കെടുത്തവരെല്ലാം നാട്ടുകാരായ പാരമ്പര്യ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളുമാണ്. പോലീസിന്റെയും ഫിഷറീസിന്റെയും സുരക്ഷാ വലയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.


ബേപ്പൂർ വാട്ടർ ഫെസ്റ്റ് വിനോദ സഞ്ചാര മേഖലയിൽ കോഴിക്കോട്ടുകാരുടെ സംഭാവനയാണെന്ന് സിനിമാ താരം മമ്മൂട്ടി അഭിപ്രായപ്പെട്ടു.  ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഉദ്ഘാടനം ബേപ്പൂർ മറീനയിൽ  ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ലോകപ്രശസ്തമായ ഉരുവിന്റെ നാട് വാട്ടർ ഫെസ്റ്റിലൂടെ വലിയൊരു ജലോത്സവത്തിന് വേദിയാവുകയാണ്.   വിനോദ സഞ്ചാര മേഖലക്ക് ഉണർവേകുന്നതോടൊപ്പം  മത്സ്യത്തൊഴിലാളികൾക്ക് പുതിയ മേച്ചിൽപുറങ്ങൾ തേടാൻ പരിപാടി കാരണമാകും.  നെഹ്‌റു ട്രോഫി വള്ളംകളി പോലെ പ്രശസ്തിയാർജിക്കാൻ ബേപ്പൂർ വാട്ടർ ഫെസ്റ്റിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ബേപ്പൂർ വാട്ടർ ഫെസ്റ്റ് യഥാർത്ഥത്തിൽ ചരിത്രാന്വേഷണമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നതിനിടെ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.  ചരിത്രപരമായ ഒട്ടേറെ പ്രത്യേകതകൾ ബേപ്പൂരിനുണ്ട്.  കരയിലും വെള്ളത്തിലും ചരിത്രം അലിഞ്ഞു ചേർന്ന നാടാണിത്.  പശ്ചിമേഷ്യയിൽ നിന്നുള്ള കച്ചവടക്കാർ എത്തിയിരുന്ന പ്രദേശമാണ് ബേപ്പൂർ മറീന.  ഗ്രീക്ക്  റോമൻ സാഹിത്യ കൃതികളിലും ഇടം നേടിയിട്ടുള്ള നാട്.  1000 ബി.സിക്കും 500 എ.ഡിക്കുമിടയിൽ ഈ പ്രദേശം സജീവമായിരുന്നു.    ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായി ബേപ്പൂരിനെ കുറിച്ച് കൂടുതൽ ഗവേഷണവും പഠനവും ആവശ്യമായി വന്നിരിക്കുകയാണ്.   അവ പഠിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യണമെന്ന് സർക്കാരും ആഗ്രഹിക്കുന്നു.  ആയിരക്കണക്കിന് വർഷങ്ങളുടെ സൗഹൃദത്തിന്റെയും കച്ചവടത്തിന്റെയും പാരമ്പര്യമുള്ള നാട് എന്ന നിലയിൽ ചരിത്ര ചരിത്രാതീത പശ്ചാത്തലത്തിൽ കാലൂന്നിയാണ് നാം വാട്ടർ ഫെസ്റ്റ് നടത്തുന്നത്.  ഇവിടത്തെ ഉരു ലോക പ്രശസ്തമാണ്.  ഖത്തറിൽ നടക്കാൻ പോകുന്ന ലോക ഫുട്‌ബോൾ ലോക കപ്പിൽ ബേപ്പൂരിലെ ഉരു പ്രദർശിപ്പിക്കുന്നു എന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.


വിനോദ സഞ്ചാര മേഖലയെ കോവിഡ് ഏറെ ബാധിച്ചു.  ഈ മേഖലയിൽ മാത്രം 30,000 കോടി രൂപയുടെ നഷ്ടമുണ്ടായി.  വിനോദ സഞ്ചാര വികസനമാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്.  ഒരു പ്രദേശത്തെ ടൂറിസം വികസിക്കുമ്പോൾ ആ പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവും മാറും.  അതാണ് ഉത്തരവാദിത്ത ടൂറിസം.   140  നിയോജക മണ്ഡലങ്ങളിൽ ബേപ്പൂരിനെയാണ് സംസ്ഥാന സർക്കാർ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. 


ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ  'ആര്യമാൻ' കപ്പൽ കാണാൻ പരിമിതികളെ വകവെക്കാതെ ഭിന്നശേഷിക്കാരായ അറുപതോളം വിദ്യാർത്ഥികൾ എത്തിയിരുന്നു. ആദ്യമായി കപ്പലിൽ കയറിയതിന്റെ ആകാംക്ഷയും സന്തോഷവും പലരുടെയും മുഖത്ത് തെളിഞ്ഞു. കുട്ടികളുടെ സന്തോഷത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും പങ്കു ചേർന്നു. കുട്ടികളുമായി അദ്ദേഹം സംവദിച്ചു.  'ആര്യമാൻ' കാണാൻ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക സൗകര്യമാണ് ഏർപ്പെടുത്തിയത്. കുട്ടികൾക്ക് സഹായവുമായി കോസ്റ്റ് ഗാർഡ് അംഗങ്ങളും ഉണ്ടായിരുന്നു. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരാണ്  കുട്ടികൾ. 'ആര്യമാൻ' കൂടാതെ മറ്റൊരു കപ്പലും കുട്ടികൾ സന്ദർശിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി സംഗീത വിരുന്നൊരുക്കിയ
നേവി ബാൻഡിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉപഹാരം നൽകി.


കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്താനും കപ്പലിന്റെ ഉൾക്കാഴ്ചകൾ കാണാനും അവസരം ഒരുക്കുന്നതിന് പുറമെ നാവിക സേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ അടുത്തറിയാനുമാണ് ബേപ്പൂരിൽ കപ്പൽ പ്രദർശനം നടത്തുന്നത്. കൊച്ചിയിൽ നിന്നെത്തിച്ച 'ആര്യമാൻ' കപ്പലിൽ രാവിലെ 9.30 മുതൽ വൈകളട്ട് നാല് വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം.
നാല് ദിവസം നീണ്ടുനിന്ന ഫെസ്റ്റ് ബേപ്പൂരിന്റെ ചരിത്രത്തിൽ മായാതെ നിൽക്കും. ബേപ്പൂർ ഫെസ്റ്റിന്റെ സമാപന സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തുടക്കം തന്നെ അഭൂതപൂർയമായ ജനപിന്തുണയുടെ ഭാഗമായി ഫെസ്റ്റ് വിജയകരമായി. കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ സംബന്ധിച്ച് വളരെ നിർണായകമായ നാല് ദിവസങ്ങൾക്കാണ് ബേപ്പൂർ സാക്ഷ്യം വഹിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ വാട്ടർ ഫെസ്റ്റുകളിൽ ഒന്നായി ബേപ്പൂർ വാട്ടർ ഫെസ്റ്റ് മാറിയത് വളരെ അഭിമാനകരമാണ്. അടുത്ത വർഷം ഇതിലും വിപുലമായ രീതിയിൽ ബേപ്പൂരിൽ ജലോത്സവ മത്സരങ്ങൾ സംഘടിപ്പിക്കും. സെയ്‌ലിംഗ് ഉൾപ്പെടെയുള്ള അഡ്വഞ്ചർ ടൂറിസത്തിന് രാജ്യത്തെ പ്രധാന കേന്ദ്രമായി ബേപ്പൂരി്െ മാറ്റിത്തീർക്കുവാനുള്ള ശ്രമങ്ങൾക്ക് ടൂറിസം വകുപ്പ് നേതൃത്വം കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിനോദ സഞ്ചാര മേഖലയുടെ സമഗ്ര വികസനത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. 


സ്‌റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. വലിയ ജനപങ്കാളിത്തതോടെ ഈ ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കുമ്പോൾ കരുത്തായി മാറുന്നത് നമ്മുടെ പാരമ്പര്യവും സംസ്‌കാരവുമാണെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ടൂറിസ്റ്റുകൾ ഇവിടേക്കെത്തുന്ന ഒരു കാലം ഉണ്ടാവണം. അതിന് നമ്മുടെ ഓരോരുത്തരുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ വർണം വാരിവിതറി ചാലിയാർ പുഴയിൽ ജലഘോഷയാത്രയും അരങ്ങേറി. വർണ പൊലിമയും ആഘോഷ ആരവങ്ങളും ഉയർത്തി ജലഘോഷയാത്രയിൽ നിരവധി ബോട്ടുകളാണ് അണിനിരന്നത്. വിവിധ നിറത്തിലുള്ള ദീപാലങ്കാരം കൊണ്ട് മനോഹരമാക്കിയ ബോട്ടുകൾക്ക് പുറമെ കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങളായ തെയ്യം, തിറ, പുലിക്കളി, കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, മയിലാട്ടം  തുടങ്ങിയവയുടെ പ്ലോട്ടുകളും ചടങ്ങിന്റെ മാറ്റുകൂട്ടി. 

 

Latest News