Sorry, you need to enable JavaScript to visit this website.

സൗദിക്ക് നേരെ ഹൂത്തികൾ തൊടുത്തുവിട്ട അഞ്ചു  ഡ്രോണുകൾ തകർത്തു

സൗദി സൈന്യം തകർത്ത ഹൂത്തികളുടെ ഡ്രോണുകൾ.

റിയാദ് - സൗദി അറേബ്യക്കു നേരെ ഹൂത്തി മിലീഷ്യകൾ തൊടുത്തുവിട്ട അഞ്ചു ഡ്രോണുകൾ സൗദി സൈന്യം തകർത്തതായി സഖ്യസേന അറിയിച്ചു. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താൻ സൻആയിൽ നിന്നാണ് തിങ്കളാഴ്ച രാത്രി ഹൂത്തികൾ സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനങ്ങൾ തൊടുത്തുവിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീഷണിയുടെ ഉറവിടങ്ങൾ നിരീക്ഷിച്ചുവരികയാണ്. ഭീഷണികൾ ഇല്ലാതാക്കാനും ഹൂത്തികളെ ചെറുക്കാനും ആക്രമണങ്ങൾ നടത്തുമെന്നും സഖ്യസേന പറഞ്ഞു. സൗദി സൈന്യം തകർത്ത ഡ്രോണുകളുടെ ചിത്രങ്ങൾ സഖ്യസേന പുറത്തുവിട്ടു. 
ഇരുപത്തിനാലു മണിക്കൂറിനിടെ യെമനിലെ മാരിബിലും ശബ്‌വയിലും സഖ്യസേന നടത്തിയ ആക്രമണങ്ങളിൽ 230 ലേറെ ഹൂത്തികൾ കൊല്ലപ്പെട്ടു. മാരിബിലും ശബ്‌വയിലും ഹൂത്തികളെ ലക്ഷ്യമിട്ട് 35 വ്യോമാക്രമണങ്ങളാണ് സഖ്യസേന നടത്തിയത്. ശബ്‌വയിൽ നടത്തിയ 23 വ്യോമാക്രമണങ്ങളിൽ 133 ഹൂത്തികൾ കൊല്ലപ്പെടുകയും 15 സൈനിക ഉപകരണങ്ങൾ തകരുകയും ചെയ്തു. മാരിബിൽ 12 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഇതിനിടെ 97 ഹൂത്തികൾ കൊല്ലപ്പെട്ടു. ആക്രമണങ്ങളിലൂടെ മാരിബിൽ ഹൂത്തികളുടെ അഞ്ചു സൈനിക ഉപകരണങ്ങൾ തകർത്തതായും സഖ്യസേന പറഞ്ഞു. 

Latest News