ഭുവനേശ്വര്‍- വിവാഹ സമ്മാനമായി അജ്ഞാതന്‍ അയച്ച പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ച് നവവരനും 85 കാരി മുത്തശ്ശിയും കൊല്ലപ്പെട്ടു. ഗുരതരമായി പരിക്കേറ്റ വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒഡീഷയിലെ പട്‌നഗഢില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ദുരന്തം. അഞ്ച് ദിവസം മുമ്പ് നടന്ന വിവാഹത്തിന് സമ്മാനമായി എത്തിയ പെട്ടി തുറന്നു പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെ തുടര്‍ന്ന് മൂവരേയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വരന്‍ സൗമ്യ ശേഖര്‍ സാഹുവിനേയും മുത്തശ്ശി ജെമാമനി സാഹുവിനേയും രക്ഷിക്കാനായില്ല. സൗമ്യ ശേഖര്‍ സാഹുവിന്റെ ഭാര്യ റീമ സാഹുവിനെ ഗുരുതരമായ പരിക്കുകളോടെ സംബര്‍പൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി 18നായിരുന്നു ഇവരുടെ വിവാഹം.
പൊട്ടിത്തെറിച്ച പാഴ്‌സല്‍ ബോംബില്‍ അയച്ച ആളുടെ പേരോ വിലാസമോ ഉണ്ടായിരുന്നില്ലെന്ന് ഇവരുടെ ബന്ധുക്കള്‍ അറിയിച്ചു. പെട്ടിതുറന്നയുടന്‍ തന്നെ സ്‌ഫോടനം ഉണ്ടായതായും ഇവര്‍ പറയുന്നു. മുത്തശ്ശി ജെമാമനി ആശുപത്രിയിലെത്തുന്നതിനു മുമ്പ് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
നാടന്‍ ബോംബായിരിക്കാം പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം നടത്തിവരികയാണ്. സമീപ പ്രദേശത്തുള്ളവര്‍ ആരോ അയച്ചതായിരിക്കാം ഈ പാഴ്‌സല്‍ ബേംബെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ മാസം മധ്യപ്രദേശില്‍ വിവാഹ നിശ്ചയ ദിവസം എഫ്.എം റോഡിയോയില്‍ ഒളിപ്പിച്ച പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരു ഡോക്ടര്‍ കൊല്ലപ്പെട്ടിരുന്നു.






