Sorry, you need to enable JavaScript to visit this website.

യുവാവ് ജീവനൊടുക്കിയ സംഭവം; കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തി

കോട്ടയം- യുവാവ് ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. കുമരകം ചീപ്പുങ്കലില്‍ ജീവനൊടുക്കിയ യുവാവിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ ചൊവ്വാഴ്ച രാവിലെ സമീപത്തെ വയലില്‍ തളര്‍ന്നുകിടക്കുന്ന നിലയിലാണ്  നാട്ടുകാര്‍ കണ്ടെത്തിയത്.

രാത്രി മുഴുവന്‍ പ്രദേശത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നതായി പെണ്‍കുട്ടി പറയുന്നു.  പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. വൈക്കം വെച്ചൂര്‍ സ്വദേശി ഗോപു(22)വിനെയാണ് ചീപ്പുങ്കല്‍ മാലിക്കായലിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ യുവാവും പെണ്‍കുട്ടിയും കാടുപിടിച്ച് കിടക്കുന്ന തകര്‍ന്ന കെട്ടിടത്തിലേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ്  യുവാവിനെ ഒരുമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും എഴുതിയ കുറിപ്പും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ ബാഗും മൊബൈല്‍ഫോണും സ്ഥലത്തുനിന്ന് കിട്ടിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

വെള്ളക്കെട്ടില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ വെള്ളത്തിലും തിരച്ചില്‍ നടത്തിയിരുന്നു. രാത്രി വൈകിയും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ തിരച്ചില്‍ പുനഃരാരംഭിക്കാനാരിക്കെയാണ് പെണ്‍കുട്ടിയെ സമീപപ്രദേശത്തുനിന്ന് കണ്ടെത്തിയത്.

ജീവനൊടുക്കിയ ഗോപുവും പെണ്‍കുട്ടിയും കമിതാക്കളാണെന്നും നേരത്തെയും ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നതായും പോലീസ് പറയുന്നു.

 

Latest News