യു.പിയില്‍ ഞാന്‍ രാമരാജ്യം സ്ഥാപിക്കുമെന്ന് ഭഗവാന്‍ കൃഷ്ണന്‍ സ്വപ്‌നത്തില്‍ പറയുന്നു- അഖിലേഷ് യാദവ്

ലഖ്‌നൗ- ഭഗവാന്‍ കൃഷ്ണന്‍ എല്ലാ ദിവസവും രാത്രി സ്വപ്‌നത്തിലെത്തി തന്റെ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറയാറുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.
യു.പിയില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് അഖിലേഷിന്റെ പ്രസ്താവന.
താന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യു.പിയില്‍ രാമരാജ്യം സ്ഥാപിക്കുമെന്നുമാണ് ഭഗവാന്‍ കൃഷ്ണന്‍ സ്വപ്‌നത്തില്‍ പറയുന്നത്.
ബി.ജെ.പിയുടെ ബഹ്‌റൈച്ച് എം.എല്‍.എ മാധുരി വര്‍മ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ്.
രണ്ടു തവണ എം.എല്‍.എ ആയ കുര്‍മി ജാതിക്കാരിയായ മാധുരി വര്‍മ ബി.ജെ.പിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. 2010 മുതല്‍ 2012 വരെ യു.പി ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു.
സമാജ് വാദ് അഥവാ സോഷ്യലിസത്തിലൂടെയാണ് രാമരാജ്യം സ്ഥാപിതമാകുക. സോഷ്യലിസം സ്ഥാപിതമാകുന്നതോടെ യു.പി രാമരാജ്യമായി മാറും- മുന്‍ മുഖ്യമന്ത്രി പറഞ്ഞു. താന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest News