ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ ഫലം പുറത്തുവിടണം; യുവതിയുടെ ഹരജി ഇന്ന് പരിഗണിക്കും

മുംബൈ- ലൈംഗിക പീഡന കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന ബിഹാര്‍ സ്വദേശിനിയുടെ അപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നിനാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹരജിയിലാണ് രണ്ടര വര്‍ഷം മുമ്പ് ബോബെ ഹൈക്കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടത്.  2019 ജൂലൈയില്‍ ടെസ്റ്റ് നടത്തിയെങ്കിലും 17മാസത്തിന് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീല്‍ ചെയ്ത കവറില്‍  കോടതിക്ക് കൈമാറിയ ഫലം പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
 ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന്  ആരോപിച്ച് 2019 ജൂണ്‍ 19 നാണ് യുവതി പരാതി നല്‍കിയത്്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കുട്ടിയ്ക്കും തനിക്കും  ബിനോയി ചെലവിനു നല്‍കണമെന്നും യുവതി  ആവശ്യപ്പെട്ടിരുന്നു.

 

 

Latest News