Sorry, you need to enable JavaScript to visit this website.

തെറ്റായ വിവരങ്ങള്‍ കൈമാറിയ പോലീസ് ഉദ്യോഗസ്ഥന് കാല്‍ലക്ഷം രൂപ പിഴ

കൊല്ലം- വിവരാവകാശ കമ്മിഷന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് എഴുകോണ്‍ എസ്.ഐ ടി.എസ്.ശിവപ്രകാശിന് 25,000 രൂപ പിഴ വിധിച്ചു. 30 ദിവസത്തിനുള്ളില്‍ പിഴയൊടുക്കി കമ്മിഷന്‍ സെക്രട്ടറിയെ അറിയിക്കണം. അല്ലാത്തപക്ഷം ഇന്‍സ്‌പെക്ടറുടെ ശമ്പളത്തില്‍നിന്നോ സ്ഥാവരജംഗമവസ്തുക്കള്‍ ജപ്തിചെയ്‌തോ സംഖ്യ ഈടാക്കണമെന്നും വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ പറയുന്നു.

ഇളമ്പല്‍ ആരംപുന്ന നിലാവില്‍ മുരളീധരന്‍ പിള്ളയുടെ പരാതിയിലാണ് ഉത്തരവ്. 2014-ല്‍ ശിവപ്രകാശ് പുനലൂര്‍ എസ്.ഐ. ആയിരിക്കെ വിവരാവകാശനിയമപ്രകാരം മുരളീധരന്‍ പിള്ള നല്‍കിയ അപേക്ഷയ്ക്ക് പൂര്‍ണവിവരം നല്‍കിയില്ല. പരാതിക്കാരനെതിരേ വിവിധ കേസുകളുണ്ടെന്നായിരുന്നു എസ്.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കമ്മിഷനുമുന്നില്‍ തെളിയിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞില്ല. പിഴചുമത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും മറുപടി ഉണ്ടായില്ല. തുടര്‍ന്നാണ് കമ്മീഷന്റെ ഉത്തരവ്.
കമ്മിഷനെയും വിവരാവകാശനിയമത്തെയും അവഹേളിക്കുന്ന സമീപനമാണ് നിയമപാലകനില്‍നിന്ന് ഉണ്ടായതെന്നും അതിനാലാണ് പരമാവധി ശിക്ഷ നല്‍കുന്നതെന്നും കമ്മിഷന്‍ അറിയിച്ചു.

 

Latest News