ജിദ്ദ - നഗരത്തിലെ റോഡുകളിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി സാഹസികമായി വാഹനാഭ്യാസ പ്രകടനം നടത്തുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വീഡിയോകൾ ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകനെ തിരിച്ചറിഞ്ഞത്. യുവാവിന്റെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗതാഗത നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകൾ പ്രഖ്യാപിക്കുന്നതിന് യുവാവിനെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.






