Sorry, you need to enable JavaScript to visit this website.

യു.എ.ഇയുടെ ചരക്കു കപ്പൽ ഹൂത്തികൾ തട്ടിയെടുത്തു

റിയാദ് - യു.എ.ഇ ചരക്കു കപ്പൽ അൽഹുദൈദ തുറമുഖത്തിനു സമീപം വെച്ച് ഹൂത്തി മിലീഷ്യകൾ തട്ടിയെടുത്തതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി അറിയിച്ചു. യെമനിലെ സുഖുത്ര ദ്വീപിൽ സൗദി ഫീൽഡ് ആശുപത്രി പ്രവർത്തിപ്പിക്കുന്നതിനുള്ള മെഡിക്കൽ ഉപകരണങ്ങളും മറ്റും വഹിച്ച, യു.എ.ഇ പതാഹ നാട്ടിയ റവാബി എന്ന് പേരുള്ള കപ്പൽ ഞായറാഴ്ച രാത്രി 11.57 ന് ആണ് ഹൂത്തികൾ തട്ടിയെടുത്തത്. ആശുപത്രി സ്ഥാപിക്കൽ ജോലി പൂർത്തിയായ ശേഷം സുഖുത്ര ദ്വീപിൽ നിന്ന് ജിസാനിലേക്കുള്ള യാത്രക്കിടെയാണ് കപ്പൽ ഹൂത്തികൾ റാഞ്ചിയത്. കപ്പലിൽ ആംബുലൻസുകളും മെഡിക്കൽ ഉപകരണങ്ങളും വാർത്താ വിനിമയ ഉപകരണങ്ങളും തമ്പുകളും ഫീൽഡ് അടുക്കളയും ഫീൽഡ് ലോൺട്രിയും മറ്റു സാങ്കേതിക, സുരക്ഷാ സപ്പോർട്ട് ഉപകരങ്ങളുമാണുള്ളത്. കപ്പൽ തട്ടിയെടുത്ത ഹൂത്തികളുടെ നടപടി സ്വതന്ത്ര കപ്പൽ ഗതാഗതത്തിനുള്ള യഥാർഥ വെല്ലുവിളിയാണ്. കപ്പൽ എത്രയും വേഗം വിട്ടയക്കണം. അല്ലാത്ത പക്ഷം ഹൂത്തികളുടെ കടൽ കൊള്ള നേരിടാൻ ആവശ്യമായ എല്ലാ നടപടികളും സഖ്യസേന സ്വീകരിക്കുമെന്നും ബ്രിഗേഡിയർ തുർക്കി അൽമാലികി പറഞ്ഞു. 
ദക്ഷിണ സൗദിയിലെ നജ്‌റാനിൽ ഡ്രോൺ ആക്രമണങ്ങൾ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങൾ വിഫലമാക്കിയതായും സഖ്യസേന അറിയിച്ചു. ഞായറാഴ്ച രാത്രി നജ്‌റാൻ ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട സ്‌ഫോടക വസ്തുക്കൾ നിറച്ച മൂന്നു പൈലറ്റില്ലാ വിമാനങ്ങൾ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി സഖ്യേസന വെടിവെച്ചിടുകയായിരുന്നു. സൻആയിൽ നിന്നാണ് ഡ്രോണുകൾ തൊടുത്തുവിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൂത്തികൾ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയാണ്. ഭീഷണിയുടെ ഉറവിടങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തുമെന്നും സഖ്യസേന പറഞ്ഞു.
 

Latest News