റിയാദ്- കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ സിറ്റി ബസുകളിലെ സഞ്ചാരത്തിന് പൊതു ആരോഗ്യവകുപ്പ് നിബന്ധനകൾ പുതുക്കി. ബസ് സ്റ്റേഷനിൽ നിൽക്കുമ്പോഴും കയറുമ്പോഴും മാസ്‌ക് ധരിക്കണം. ടിക്കറ്റുള്ളവർ മാത്രമേ ബസിൽ കയറാവൂ. കയറുന്ന സമയത്ത് ടിക്കറ്റ് വാങ്ങരുത്. ബസ് സ്റ്റോപ്പിൽ മാസ്‌കിട്ട് സാമൂഹിക അകലം പാലിച്ച് നിൽക്കണം. സ്മോക്കിംഗ് റൂം ഉപയോഗിക്കരുത്. രണ്ടു യാത്രക്കാർക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടണം. ഒരേ കുടുംബത്തിലുള്ളവർക്ക് ഒന്നിച്ചിരിക്കാം. ബസിനുള്ളിൽ മാസ്‌ക് ധരിക്കണം. മുൻ ഭാഗത്തെ ഡോർ കയറുന്നതിനും ബാക്ക് ഡോർ ഇറങ്ങുന്നതിനും ഉപയോഗിക്കണം. ബസിനുള്ളിൽ ആരും നിൽക്കരുത്. കയറുമ്പോഴും ഇറങ്ങുമ്പോഴും തിരക്ക് ഉണ്ടാവരുത്. ബസിനുള്ളിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കർ ഒന്നര മീറ്റർ പരിധിയിൽ സ്ഥാപിക്കണം. ആരോഗ്യവകുപ്പ് നിർദേശിച്ചു.