Sorry, you need to enable JavaScript to visit this website.

അഫ്ഗാനില്‍നിന്ന് മലയാളി വനിത ആയിഷയെ തിരിച്ചുകൊണ്ടുവരുന്ന കാര്യം; തീരുമാനം കേന്ദ്രസര്‍ക്കാരിന് വിട്ട് സുപ്രീം കോടതി

ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാനില്‍ ജയിലിലുള്ള മലയാളി യുവതി ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എട്ട് ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാനാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ആയിഷയുടെ പിതാവ് വി.ജെ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹരജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആയിഷയെയും മകളെയും പാര്‍പ്പിച്ചിരുന്ന പുലെ ചര്‍ക്കി ജയില്‍ താലിബാന്‍ തകര്‍ത്തതായാണ് വിവരമെന്ന് പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള മേഖലയിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് അനൗദ്യോഗിക വിവരമെന്നും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു.

മറ്റൊരു രാജ്യത്ത് നിന്ന് പൗരമാരെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതിക്ക് പ്രത്യേക നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും ബെഞ്ച് അറിയിച്ചു.  അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന താലിബാന്‍ സര്‍ക്കാരും, ഇന്ത്യയും തമ്മില്‍ നല്ല ബന്ധമാണെന്നാണ് മാധ്യമ വാര്‍ത്തകളില്‍നിന്ന് മനസിലാകുന്നതെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചുകൊണ്ടാണ്  ഹരജി കോടതി തീര്‍പ്പാക്കിയത്.

ഐ.എസില്‍ ചേര്‍ന്ന ആയിഷയുടെ ഭര്‍ത്താവ് 2019-ല്‍ നാറ്റോ സഖ്യ സേന നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആയിഷയ്ക്കെതിരെ എന്‍.ഐ.എ. കേസ് നിലവിലുണ്ട്. ഇന്ത്യയില്‍ എത്തിച്ച ശേഷം ഈ കേസില്‍  വിചാരണ നടത്തണമെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ പിതാവ് ആവശ്യപ്പെട്ടത്.

 

Latest News