ജഡ്ജിമാരായി സുപ്രീം കോടതി കൊളീജിയം ആവര്‍ത്തിച്ച് നിര്‍ദേശിച്ചത് 23 പേരുകള്‍; അനക്കമില്ലാതെ കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- വിവിധ ഹൈക്കോടതി കൊളീജിയങ്ങള്‍ ജഡ്ജിമാരായി നാമനിര്‍ദേശം ചെയ്യുകയും സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്യുകയും ചെയ്ത 23 പേരുടെ കാര്യത്തില്‍ മൂന്ന് വര്‍ഷമായിട്ടും ഒരു തീരുമാനവും എടുക്കാതെ കേന്ദ്ര സര്‍ക്കാര്‍. 2018 മുതല്‍ ഏഴ് ഹൈക്കോടതികളാണ് ഇത്രയും പേരെ ജഡ്ജിമാരായി നാമനിര്‍ദേശം ചെയ്തത്. ഇവ പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മടക്കി അയച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത ഘട്ടങ്ങളിലായി ഈ പേരുകള്‍ സുപ്രീം കോടതി കോളീജിയം വീണ്ടും ശുപാര്‍ശ ചെയ്ത കേന്ദ്ര സര്‍ക്കാരിനു നല്‍കിയിരുന്നു. എന്നിട്ടും ഇവരുടെ നിയമനം സംബന്ധിച്ച നടപടികള്‍ കേന്ദ്രം സ്വീകരിച്ചില്ല. ഇവരില്‍ രണ്ടു പേരേ സുപ്രീം കോടതി കൊളീജിയം രണ്ടു തവണയാണ് ആവര്‍ത്തിച്ച് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത്. അഭിഭാഷകരായ ഈ രണ്ടു പേരില്‍ ഒരാളെ കര്‍ണാടക ഹൈക്കോടതിയിലേക്കും മറ്റൊരാളെ ജമ്മു കശ്മീര്‍ ഹൈക്കോടതിയിലേക്കും ജഡ്ജിമാരായി നിയമിക്കാനാണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇവരുടെ നിയമനം പരിഗണിച്ചില്ല. 

2021ല്‍ ആകെ 120 ഹൈക്കോടതി ജഡ്ജമാരെയാണ് നിയമിച്ചത്. 25 ഹൈക്കോടതികളിലായി 1098 ജഡ്ജിമാരുടെ പോസ്റ്റുകളാണ് ഉള്ളത്. എന്നാല്‍ 696 ജഡ്ജമാരെ ഉള്ളൂ. 402 പോസ്റ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം ജുഡീഷ്യറിയും സര്‍ക്കാരും ചേര്‍ന്നുള്ള പ്രക്രിയയാണ്. സംസ്ഥാന, കേന്ദ്ര തലങ്ങളില്‍ വിവിധ ഭരണഘടനാ അധികാരികളുമായി കൂടിയാലോചിച്ചും അനുമതി തേടിയുമാണ് നിയമനം പൂര്‍ത്തിയാക്കുക.
 

Latest News