വിമാനം അനുമതിയില്ലാതെ ടേക്ക് ഓഫ് ചെയ്തു; സ്‌പൈസ് ജെറ്റിനെതിരെ അന്വേഷണം

ന്യൂദല്‍ഹി- എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ (എടിസി) നിര്‍ബന്ധ അനുമതിക്കു കാത്തു നില്‍ക്കാതെ വിമാനം ടേക്ക് ഓഫ് ചെയ്ത സംഭവത്തില്‍ സ്‌പൈസ് ജെറ്റിനെതിരെ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളത്തില്‍ നിന്ന് ഡിസംബര്‍ 30നാണ് എടിസിയുടെ ക്ലിയറന്‍സ് ലഭിക്കാതെ വിമാനം ടേക്ക് ഓഫ് ചെയ്തത്. സംഭവത്തില്‍ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റുമാര്‍ക്ക് ഡിജിസിഎ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തുകയും ചെയ്തതായി സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു. രാജ്‌കോട്ടില്‍ നിന്നും ഡിസംബര്‍ 30ന് രാവിലെ 9.30ന് പറന്നുയര്‍ന്ന വിമാനം 11.15ന് ദല്‍ഹിയില്‍ ഇറങ്ങി. 

പറന്നുയരുന്നതിന് മുമ്പായി വിമാനത്താവളത്തിലെ എടിസിയില്‍ നിന്ന് വിവിധ അനുമതികള്‍ വിമാനത്തിന് ലഭിക്കേണ്ടതുണ്ട്. എയര്‍ക്രാഫ്റ്റ് സ്റ്റാന്‍ഡില്‍ നിന്ന് അനക്കാന്‍ പോലും അനുമതി നിര്‍ബന്ധമാണ്. എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനു പോലും അനുമതി ആവശ്യമാണ്. ശേഷം ലൈനപ്പില്‍ നില്‍ക്കാനും പിന്നീട് ടേക്ക് ഓഫിനും എടിസി അനുമതി നല്‍കേണ്ടതുണ്ട്. രാജ്‌കോട്ട് സംഭവത്തില്‍ ടേക്ക് ഓഫിനുള്ള അനുമതിക്ക് പൈലറ്റുമാര്‍ കാത്തുനിന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കാരണമാണ് അന്വേഷിക്കുന്നത്.

Latest News