Sorry, you need to enable JavaScript to visit this website.

കനേഡിയൻ പ്രധാനമന്ത്രിയുടെ ദൽഹിയിലെ ഡാൻസ് ട്വിറ്ററിൽ ഹിറ്റ്

ന്യൂദൽഹി- ഒരാഴ്ച നീണ്ട ഇന്ത്യാ സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കേന്ദ്ര സർക്കാർ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്ന്് വ്യാപക ചർച്ചാവിഷയമായിരുന്നു. എന്നാൽ ഈ യാത്ര ഒരു ആഘോഷമാക്കുന്നതിന് അദ്ദേഹത്തിന് ഇതൊന്നും ഒരു വിലങ്ങായിട്ടില്ല. മൂന്നു മക്കളേയും ഭാര്യയേയും കൂടെകൂട്ടി ഇന്ത്യയിലെത്തിയ ട്രൂഡോ കിടലൻ ഡാൻസ് ചുവടുകളിൽനിന്ന് ഇതു വ്യക്തം. ഖലിസ്ഥാനി തീവ്രവാദികളോടുള്ള കാനഡയുടെ മൃദുസമീപനവും ഒരു തീവ്രവാദിയെ തന്റെ യാത്രാ സംഘത്തിൽ കൂടെ കൂട്ടിയ വാർത്തയും കത്തി നിൽക്കുമ്പോഴാണ് വ്യാഴാഴ്ച രാത്രി ദൽഹിയിലെ കാനഡ ഹൗസിൽ ട്രൂഡോ വിരുന്നു കൂടിയത്. ഉത്തരേന്ത്യൻ കല്യാണ വീടുകളെ അനുസ്്മരിപ്പിക്കുന്ന വേദിയിലേക്കുള്ള ട്രൂഡോ വരവ് ഒരു മാസ് എൻട്രി ആയിരുന്നു. കറുത്ത ഷർവാണി അണിഞ്ഞ് ധോൾ മേളത്തിന്റെ അകമ്പടിയോടെ കടന്നു വന്ന ട്രൂഡോ ഭാംഗ്ര നൃത്തച്ചുവടുകൾ വച്ചതോടെ വിസിലടിച്ചും കയ്യടിച്ചും ആരവങ്ങളോടെയാണ് ജനം സ്വീകരിച്ചത്. 

രോഹിത് ഗാന്ധി എന്ന മാധ്യമപ്രവർത്തകനാണ് ചടങ്ങിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കകം മുക്കാൽ ലക്ഷത്തോളം പേർ ഇതു കണ്ടു. കുറെ പേർ ഇത് ആസ്വദിച്ചപ്പോൾ വിമർശിച്ചും ചിലർ രംഗത്തെത്തി. ഇന്ത്യക്കാർ ജീവിക്കുന്നത് ബോളിവൂഡിലെ പോലയല്ലെന്ന് ആരെങ്കിലും ട്രൂഡോയ്ക്ക് പറഞ്ഞു കൊടുക്കൂ എന്നായിരുന്നു ഒരാളുടെ കമന്റ്. ബോളിവൂഡിൽ അവസരം തേടിപ്പോയതാണോ എന്ന് ഒരു കാനഡക്കാരൻ. ട്രൂഡോ കാനഡയെ നാണം കെടുത്തി. അദ്ദേഹത്തെ ഇന്ത്യയിൽ തന്നെ വച്ചോളൂ എന്ന് മറ്റൊരു കാനഡക്കാരൻ. ഏതായാലും ട്വിറ്ററിൽ ഹിറ്റാണ് ട്രൂഡോ. 

 

Latest News