Sorry, you need to enable JavaScript to visit this website.

മധുവിനെ കൊന്നതിങ്ങനെ....

മണ്ണാർക്കാട്- വ്യാഴാഴ്ച. സമയം ഉച്ച തിരിഞ്ഞു. അട്ടപ്പാടിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിലൊന്നായ മല്ലീശ്വരൻമുടിയുടെ താഴ്‌വരയിലെക്ക് ഒരു സംഘം ചെറുപ്പക്കാർ എന്തോ നിശ്ചയിച്ചതു പോലെ ഇരച്ചെത്തുന്നു. കാട്ടിൽ ഒളിവിൽ കഴിയുന്ന 'മോഷ്ടാവി'നെ പിടികൂടുകയായിരുന്നു ലക്ഷ്യം. സംഘത്തിലെ പലരും മദ്യലഹരിയിലായിരുന്നു. പലരും പ്രദേശത്തെ അറിയപ്പെടുന്ന പൊതുപ്രവർത്തകർ. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ. കുറച്ചു നാളുകളായി മുക്കാലിയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന പല മോഷണങ്ങളും നടത്തി വിഹരിക്കുന്ന 'പെരുംകള്ളനു' വേണ്ടിയുള്ള തിരച്ചിലിലായിരുന്നു സംഘം. കാട്ടിനുള്ളിൽ വെച്ച് അവർ 27 വയസ്സുള്ള ഒരു യുവാവിനെ പിടികൂടി. ആദിവാസി സമൂഹത്തിലെ അംഗമായ ആൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് ആർക്കും ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. അൽപം ബലപ്രയോഗം നടത്തിത്തന്നെയാണ് നാട്ടിലെ യുവജന സംഘം കള്ളനെ പിടിച്ചത്. പിന്നെ കണ്ടത് ആൾക്കൂട്ടത്തിന്റെ ഭ്രാന്തു പിടിച്ച മാനസികാവസ്ഥ. ഉടുമുണ്ട് ഊരി കെട്ടിയിട്ട് വരുന്നവരും പോകുന്നവരും പൊതിരേ തല്ലി.

പ്രതികരിക്കാൻ പോലുമാവാതെ എല്ലാം സഹിച്ചുകൊണ്ട് നിൽക്കാനേ 'കള്ളന്' സാധിച്ചുള്ളൂ. ജനക്കൂട്ടത്തിന്റെ കൈത്തരിപ്പ് തീർക്കൽ മൂന്നു മണിക്കൂറോളം നീണ്ടു. അതിനിടെ പെരുങ്കള്ളനൊപ്പം സെൽഫി എടുക്കാനും കൈത്തരിപ്പ് തീർക്കുന്നത് മൊബൈലിൽ പകർത്താനും ആളുകൾ മൽസരിച്ചു. മുക്കാലിയിലേക്ക് നടത്തിയാണ് കള്ളനെ കൊണ്ടുവന്നത്. ഇതിനിടയിലും ആളുകൾ അവന്റെ ദേഹത്ത് കൈത്തരിപ്പ് തീർക്കുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് മുക്കാലിയിലെത്തിയ പോലീസ് സംഘത്തിന് നാട്ടുകാർ കള്ളനെ കൈമാറി. പോലീസ് ജീപ്പിൽ അഗളി പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടയിൽ 'പെരുങ്കള്ളൻ' ഛർദ്ദിച്ചു. താമസിയാതെ കുഴഞ്ഞുവീണ് പോലീസ് വാഹനത്തിൽ വെച്ചു തന്നെ മരിക്കുകയും ചെയ്തു - കേരളത്തെ ഒന്നാകെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട കൊലപാതകത്തിന്റെ യഥാർഥ ചിത്രമാണിത്. മരിച്ചത് കടുകുമണ്ണ ആദിവാസി ഊരു മൂപ്പന്റെ സഹോദരീപുത്രൻ മധു. വയസ്സ് 27. മാനസികാസ്വാസ്ഥ്യമുള്ള യുവാവ്. വീടുവിട്ടിറങ്ങിയിട്ട് കുറച്ചു നാളായി. അങ്ങനെ പതിവുണ്ട്. വിശപ്പ് സഹിക്കാതാവുമ്പോൾ വല്ലപ്പോഴും വീട്ടിലെത്തും. എന്തെങ്കിലും കഴിക്കും. ആരോടും പറയാതെ ഇറങ്ങിപ്പോകുകയും ചെയ്യും. അതായിരുന്നു പതിവ്.

അതേസമയം, ഭ്രാന്തു പിടിച്ച മട്ടിൽ പെരുമാറിയ ആൾക്കൂട്ടം ഒന്നടങ്കം നിയമനടപടിയുടെ നിഴലിലാണ്. മധുവിനെ പിടികൂടുന്നതിന്റേയും കൈകാര്യം ചെയ്യുന്നതിന്റേയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രചരിച്ചിട്ടുണ്ട്. അതെല്ലാം പരിശോധിച്ച് എല്ലാവർക്കെതിരേയും കേസെടുക്കാനാണ് നിർദേശം. യുവാവിനെ ശാരീരികമായി ആക്രമിക്കുന്നതിൽ നേരിട്ട് പങ്കെടുക്കാതെ സെൽഫിയെടുത്ത് ആഘോഷിച്ചവരെല്ലാം കേസിൽ പ്രതികളാകും. തന്നെ ഉപദ്രവിക്കുന്നതിന് നേതൃത്വം നൽകിയവരെയെല്ലാം കൊല്ലപ്പെട്ട യുവാവിന് പരിചയമുണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. പോലീസ് ജീപ്പിൽ വെച്ച് നൽകിയ മരണ മൊഴിയിൽ അവരിൽ ചിലരുടെ പേരുകൾ മധു വെളിപ്പെടുത്തുകയും ചെയ്തു. അബ്ദുൽ കരീം, ഹുസൈൻ, അബ്ദുൽ ലത്തീഫ്, മാത്തച്ചൻ, മനു, അബ്ദുറഹ്മാൻ, ഉമ്മർ എന്നീ പേരുകളാണ് പോലീസിനോട് പറഞ്ഞത്. ഇതിൽ അബ്ദുൽ കരീം സി.പി.എമ്മിന്റേയും ഹുസൈൻ മുസ്‌ലിം ലീഗിന്റേയും പ്രാദേശിക നേതാക്കളാണ്. കേസു പേടിച്ച് പലരും ഒളിവിൽ പോയിക്കഴിഞ്ഞു.

പ്രശ്‌നം അട്ടപ്പാടിയിലെ ആദിവാസിയൂരുകളിൽ കുടിയേറ്റക്കാർക്കെതിരെ രോഷം പടർന്നു പിടിക്കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. ഇപ്പോൾ അട്ടപ്പാടിയിൽ ആദിവാസികളേക്കാൾ ജനസംഖ്യ കൂടുതൽ കുടിയേറ്റക്കാർക്കാണ്. ഇരുസമൂഹങ്ങളും തമ്മിൽ പലയിടത്തും നല്ല രസത്തിലല്ല താനും. മുക്കാലിയിലും പരിസര പ്രദേശങ്ങളിലും സമീപ കാലത്ത് നടന്ന പല മോഷണങ്ങളുടേയും ഉത്തരവാദിത്തം ആദിവാസികളുടെ തലയിൽ കെട്ടിവെക്കാൻ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് ആദിവാസികൾ മധുവിനെതിരേയുള്ള ആക്രമണത്തെ കാണുന്നത്. അക്രമികളുടെ ചിത്രങ്ങൾ പുറത്തു വന്നതോടെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം പ്രതിരോധത്തിലായിട്ടുണ്ട്.
 

Latest News