Sorry, you need to enable JavaScript to visit this website.

പ്രതിഷേധം തടയാന്‍ കശ്മീരില്‍ 3 മുന്‍ മുഖ്യമന്ത്രിമാരെ തടങ്കലിലാക്കി

ഉമര്‍ അബ്ദുല്ലയുടെ വീടിന്റെ ഗേറ്റ് അടച്ചുപൂട്ടി സേന കാവല്‍ നില്‍ക്കുന്നു

ശ്രീനഗര്‍- നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം നടത്തുന്ന ഡിലിമിറ്റേഷന്‍ കമ്മീഷനെതിരെ പ്രഖ്യാപിച്ച പ്രതിഷേധ പ്രകടനം തടയുന്നതിന് ജമ്മു കശ്മീരില്‍ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെ ഭരണകൂടം വീട്ടു തടങ്കലിലാക്കി. അതീവ സുരക്ഷാ മേഖലയായ ഗുപ്കര്‍ റോഡ് അടച്ചുപൂട്ടി. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവരുടെ വീടുകള്‍ ഇവിടെയാണ്. ഇവിടേക്ക് ആര്‍ക്കും പ്രവേശനമില്ല, അകത്തുള്ളവര്‍ക്ക് പുറത്തു പോകാനും അനുമതിയില്ല. മണ്ഡല പുനര്‍നിര്‍ണയ കമ്മീഷന്റെ ശുപാര്‍ശയ്‌ക്കെതിരെ കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കര്‍ സഖ്യം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജമ്മുവിലേയും കശ്മീരിലേയും ജനസംഖ്യാനുപാതം കണക്കിലെടുക്കാതെ ജമ്മു മേഖലയ്ക്ക് ആറ് പുതിയ മണ്ഡലങ്ങളും കശ്മീര്‍ മേഖലയില്‍ ഒരു പുതിയ സീറ്റ് മാത്രവും ശുപാര്‍ശ ചെയ്തതാണ് വിവാദമായത്. ഇത് തീര്‍ത്തു വഞ്ചനാപരമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കശ്മീരിനെ പൂര്‍ണമായും കൈപ്പിടിയിലൊതുക്കാനുള്ള ബിജെപിയുടെ നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു. 

കശ്മീരില്‍ പലയിടത്തും നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. നേതാക്കളെ തടങ്കലിലാക്കിയതിനെതിരേയും പ്രതിഷേധം ഉയര്‍ന്നു. ഗുപ്കര്‍ റോഡിലേക്ക് മാര്‍ച്ച് നടത്താനുള്ള ഇവരുടെ നീക്കം പോലീസ് തടഞ്ഞു.

Latest News