12000 സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് ലൈസന്‍സ് അസാധുവായി

ന്യൂദല്‍ഹി- ഇന്ത്യയിലെ 6000 സന്നദ്ധ സംഘടനകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ ലൈസന്‍സ് ഒറ്റ രാത്രി കൊണ്ട് നഷ്ടമായി. ലൈസന്‍സ് പുതുക്കാന്‍ ഇവര്‍ അപേക്ഷ നല്‍കാത്തതിനാലാണ് ഇവര്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതി നഷ്ടമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദര്‍ തരേസയുടെ സന്നദ്ധ സംഘടനയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചു പിന്നാലെയാണ് ആറായിരത്തിലേറെ സംഘടനകളുടെ ലൈസന്‍സുകള്‍ നഷ്ടമായത്. ഓക്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിഅ മില്ലിയ ഇസ്ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ലെപ്രസി മിഷന്‍ തുടങ്ങി നിരവധി പ്രമുഖ സംഘടനകളുടേത് ഉള്‍പ്പെടെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ 12000ലേറെ സംഘടനകളുടെ ലൈസന്‍സാണ് അസാധുവായത്. ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, ഇന്ത്യ ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ എന്നിവയും ഈ കൂട്ടത്തിലുള്‍പ്പെടും. 

നിലവില്‍ 16,829 സംഘടനകള്‍ക്കാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് ഉള്ളത്. ലൈസന്‍സ് 2022 മാര്‍ച്ച് 31 വരെ നീട്ടി നല്‍കുകയോ പുതുക്കല്‍ അപേക്ഷ പരിഗണനിയിലിരിക്കുകയോ ചെയ്യുന്നവരാണ് ഇവര്‍. 

മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കരുതെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ എതിര്‍പ്പിനു പിന്നാലെയാണ് കൂടുതല്‍ സംഘടനകളുടെ അനുമതിയും നഷ്ടമായത്. തങ്ങളുടെ ലൈസന്‍സ് പുതുക്കള്‍ അപേക്ഷ നിരസിച്ചതായി മിഷനറീസ് ഓഫ് ചാരിറ്റി സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തില്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന കുട്ടികളുടെ അഭയ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ മതംമാറ്റാന്‍ ശ്രമിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ഈയിടെ കേസെടുത്തിരുന്നു.
 

Latest News