ആലപ്പുഴ-സിപിഐ വധുവിന് സിപിഎമ്മില്‍ നിന്ന് വരന്‍, ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് സിപിഐക്കാര്‍. സിപിഐയുടെ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം പി.അഞ്ജുവും സിപിഎമ്മിന്റെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം എ അജീഷും തമ്മിലുള്ള വിവാഹം സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസില്‍ വച്ച് നടന്നു. ലളിതമായ ചടങ്ങില്‍ ശ്രദ്ധേയമായത് സിപിഐ നേതാക്കളുടെ അസാന്നിധ്യമായിരുന്നു. സിപിഎം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടനാണ് ചടങ്ങുകളുടെ നേതൃത്വം വഹിച്ചത്.
എ ഓമനക്കുട്ടന്‍ ഇരുവര്‍ക്കും തുളസിമാല നല്‍കി, ഇത് പരസ്പരം അണിയിച്ച് വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതോടെയാണ് വിവാഹം നടത്താന്‍ സിപിഎം മുന്നിട്ടിറങ്ങിയത്. ചുവപ്പു കരയുള്ള മുണ്ടും നേര്യതും ചുവപ്പു ബ്ലൗസും അണിഞ്ഞ് അഞ്ജുവെത്തിയപ്പോള്‍ ചുവപ്പ് കരയുള്ള മുണ്ടും ചുവപ്പു ഷര്‍ട്ടുമായിരുന്നു അജീഷിന്റെ വേഷം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട മുരിങ്ങനാട്ട് വീട്ടില്‍ അശോകന്റെയും പരേതയായ സുഷമയുടെയും മകനായ അജീഷ് സിപിഎം ആമയിട ബ്രാഞ്ച് അംഗമാണ്. പുറക്കാട് പൊക്കപ്പുറത്ത് ഫല്‍ഗുനന്റെയും ഉമയമ്മയുടെയും മകളായ അഞ്ജു സിപിഐ പഴയങ്ങാടി ബ്രാഞ്ച് അംഗമാണ്.
എച്ച്.സലാം എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ആശംസയുമായെത്തിയ ചടങ്ങില്‍ അഞ്ജുവിന്റെ കുടുംബം പങ്കെടുത്തില്ല. അജീഷിന്റെ പിതാവും ബന്ധുക്കളും വിവാഹച്ചടങ്ങിലെത്തി. സിപിഐ നേതാവിന്റെ വിവാഹത്തിലെ സിപിഐ അംഗങ്ങളുടെ അസാന്നിധ്യം ചര്‍ച്ചയായതിന് പിന്നാലെ ചടങ്ങിന് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ കെ ജയന്‍ പ്രതികരിച്ചു.






